മാനന്തവാടി : വയനാട് മാനന്തവാടിയിൽ സഹോദരനൊപ്പം റോഡരികിലൂടെ നടന്നുപോയ വിദ്യാർഥിനി തെറ്റായ ദിശയിൽ പോയ വാഹനം ഇടിച്ച് മരിച്ചു.

മാനന്തവാടി - കല്ലോടി റോഡിൽ രണ്ടേനാലിൽ പന്നിച്ചാൽ പടിഞ്ഞാറെപ്പുത്തൻപ്പുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവ രാജേഷ് (11) ആണ് മരിച്ചത്. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

മാനന്തവാടി രണ്ടേനാലിൽ ട്യൂഷന് പോകുകയായിരുന്ന കുട്ടികൾക്ക് നേരെ വാഹനം പാഞ്ഞുകയറുകയായിരുന്നു. അമിതവേഗത്തിലെത്തിയ വാഹനം കുട്ടികളെ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നു.

ഇന്നലെ
 വൈകിട്ട് നാലരയോടെ ഏഴു വയസ്സുകാരനായ അനിയൻ ഡെറിക്കിനൊപ്പം ദിവ ട്യൂഷനു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കല്ലോടി ഭാഗത്ത് നിന്ന് മാനന്തവാടിയിലേക്ക് റോഡിന്റെ ഇടതുവശത്തു കൂടി പോകേണ്ട വാഹനം നിയന്ത്രണം തെറ്റി റോഡിന്റെ വലതുവശത്തു കൂടി പോയി കുട്ടികളെ പിന്നിൽ നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

 എതിരെ വന്ന ഇരുചക്രവാഹനത്തിലും ഇടിച്ച ശേഷമാണ് വാഹനം മുന്നോട്ടുപോയത്.



മാനന്തവാടിയിൽ തെറ്റായ ദിശയിൽ അമിതവേഗത്തിലെത്തിയ വാഹനം കുട്ടികളെ ഇടിച്ചു തെറിപ്പിക്കുന്നു. (വിഡിയോ ദൃശ്യം)



അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ദിവയെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നാലെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 ദിവയുടെ ഒപ്പം നടന്നുപോയ സഹോദരനെ വാഹനം തട്ടിയെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ എതിരെ വന്ന സ്കൂട്ടർ യാത്രക്കാർക്കും പരുക്കേറ്റു.

ദിവയുടെ പിതാവ് രാജേഷ് മാനന്തവാടി മെഡിക്കൽ കോളജിൽ ഐടി കോഓർഡിനേറ്ററായിരുന്നു. നിലവിൽ അദ്ദേഹം ഓസ്ട്രിയയിലാണ്. മാതാവ് സ്വപ്ന മാനന്തവാടിയിൽ ദിഗ്സ് സ്പാ ബ്യൂട്ടി പാർലർ നടത്തിവരികയാണ്. സഹോദരങ്ങൾ: ദിഖ, ഡെറിക്. ദിവയുടെ സംസ്കാരം പിന്നീട് ദീപ്തിഗിരി സെന്റ് തോമസ് പളളിയിൽ. അപകടത്തിന് ഇടയാക്കിയ കാർ ഓടിച്ച അയിലമൂല സ്വദേശി സജി എബ്രഹാം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post