ഓമശ്ശേരി :
അപൂര്‍വ്വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കല്ലുരുട്ടിയിലെ മൂന്ന് കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാന്‍ മുക്കം മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും കൈകോര്‍ക്കുന്നു. ഓമശേരി പഞ്ചായത്തിലെ കല്ലുരുട്ടി നിവാസികളായ അരുണ്‍ - ഷാല്‍മി ദമ്പതികളുടെ മക്കളായ ഒന്നര വയസുള്ള ഈഥന്‍, ഡേവിഡ്, ഒലിവര്‍ എന്നിവരുടെ തുടര്‍ന്നുള്ള ജീന്‍ തെറാപ്പി ചികിത്സയ്ക്കായി ആവശ്യമായ 50 കോടി രൂപ സമാഹരിക്കാനുള്ള ദൗത്യത്തിനാണ് സ്വകാര്യ ബസ് തൊഴിലാളികളും ഉടമകളും പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
നവംബര്‍ രണ്ടിന് സ്വകാര്യ ബസുകള്‍ നടത്തുന്ന കാരുണ്യ യാത്രയില്‍ നിന്നു കിട്ടുന്ന വരുമാനത്തില്‍, ഇന്ധനച്ചെലവ് മാത്രം കഴിച്ച്, ബാക്കി തുകയും ജീവനക്കാരുടെ അന്നത്തെ വേതനവും പൂര്‍ണ്ണമായും ചികിത്സാ സഹായ നിധിയിലേക്ക് നല്‍കും. മുന്‍ എംഎല്‍എ ലിന്‍റോ ജോസഫിന്‍റെ നേതൃത്വത്തിലും ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളുടെ സഹകരണത്തിലുമാണ് ഈ സംരംഭം പുരോഗമിക്കുന്നത്.
മുക്കം കേന്ദ്രീകരിച്ച് ഓടുന്ന തോട്ടുമുക്കം, തിരുവമ്പാടി, ഓമശേരി, താമരശ്ശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, കോഴിക്കോട് തുടങ്ങിയ മലയോര റൂട്ടുകളിലെ 30ലധികം സ്വകാര്യ ബസുകളാണ് ആദ്യഘട്ടത്തില്‍ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബസുകള്‍ ഈ സംരംഭത്തില്‍ പങ്കാളികളാകുമെന്നാണ് ഭാരവാഹികള്‍ വ്യക്തമാക്കുന്നത്.
അന്ന് ദീര്‍ഘദൂര, സൗജന്യ യാത്രകള്‍ ഒഴിവാക്കി സ്ത്രീകളും മറ്റ് യാത്രക്കാരും സ്വകാര്യ ബസുകളില്‍ യാത്ര ചെയ്ത് ഫണ്ട് സമാഹരണത്തിന് സഹകരിക്കണമെന്ന് ചികിത്സാ സഹായകമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ഒറ്റ പ്രസവത്തിലുണ്ടായ മൂന്ന് കുരുന്നുകളുടെയും ജീവന്‍ രക്ഷിക്കാന്‍ നിലവില്‍ 10.5 കോടി രൂപയോളം സമാഹരിച്ചു കഴിഞ്ഞു. ഇനിയും 40 കോടിയോളം രൂപ സമാഹരിക്കേണ്ടതുണ്ട്.

إرسال تعليق