ശബരിമല, മാളികപ്പുറം പുതിയ മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. പത്തനംതിട്ട അരീക്കര ഇല്ലത്ത് സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയാണ് പുതിയ ശബരിമല മേല്‍ശാന്തി.

തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം.

മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് വടകര മണിയൂർ സ്വദേശിയായ എ. ദാമോദരൻ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു. പയ്യോളി കീഴൂർ ശിവക്ഷേത്രം മേല്‍ശാന്തിയാണ് അദ്ദേഹം. ഏഴ് പേരുടെ അന്തിമ പട്ടികയില്‍ നിന്നാണ് സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്.

അഞ്ച് തവണ അപേക്ഷ സമർപ്പിച്ച അദ്ദേഹം, നാല് തവണയും ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരുന്നു. പഴവങ്ങാടി ഭഗവാന്റെ അനുഗ്രഹവും അഞ്ചു വർഷത്തെ സേവനവുമൊക്കെ വലിയൊരു പുണ്യമായി കാണുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. അയ്യപ്പ ഭക്തർക്ക് പൂർണ്ണ ഉറപ്പ് നല്‍കുന്നതായി പറഞ്ഞ അദ്ദേഹം, സാമ്പത്തികമായ ദുരുദ്ദേശങ്ങളോടെ യാതൊന്നും ചെയ്യില്ലെന്നും തനിക്ക് ജീവിക്കാൻ ഭഗവാൻ ആവശ്യത്തിന് നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

2015 മുതല്‍ മാളികപ്പുറം മേല്‍ശാന്തി സ്ഥാനത്തിനായി ശ്രമം തുടങ്ങിയ എ. ദാമോദരൻ നമ്പൂതിരി, ഗുരുനാഥന്മാരുടെ അനുഗ്രഹവും സജ്ജനങ്ങളുടെ പ്രാർത്ഥനയുമാണ് ഈ നിയോഗത്തിന് കാര്യമെന്ന് പ്രതികരിച്ചു. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള ദേവനന്ദൻ അർജുൻ, അനശ്വര എം. രഞ്ജിത്ത് എന്നിവരാണ് നറുക്കെടുപ്പ് നിർവഹിച്ചത്. 2011-ലെ സുപ്രീം കോടതി ഉത്തരവിന്റെയും ജസ്റ്റിസ് കെ. ടി. തോമസ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് കുട്ടികളെ നറുക്കെടുപ്പിനായി ചുമതലപ്പെടുത്തിയിരുന്നത്


Post a Comment

Previous Post Next Post