ന്യൂഡൽഹി: 
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടയിൽ വൻ സംഘർഷം. തുടർന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാഹുൽ ഗാന്ധിയെയും റോഡിൽ കിടന്നു പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയും പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. രാഹുൽ ഗാന്ധിയെ ആദ്യം ബാരാക്കമ്പ സ്റ്റേഷനിലേക്കും, പിന്നീട് പ്രതിഷേധത്തെ തുടർന്ന് കിങ്സ്‌വേ ക്യാമ്പിലേക്കും മാറ്റി. ഒടുവിൽ വിട്ടയക്കുകയും ചെയ്തു


രാഹുൽ ഗാന്ധിയെ കാണാൻ ബാരാക്കമ്പ പൊലീസ് സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനെയും എംപിമാരെയും പൊലീസ് 15 മിനിറ്റോളം പുറത്തുനിർത്തി. അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സതീശൻ നിലപാട് എടുത്തതോടെയാണ് പിന്നീട് അകത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയത്.രാഹുൽ ഗാന്ധിയുമായി പോയ പൊലീസ് വാഹനത്തിന്റെ ടയർ പ്രവർത്തകർ പഞ്ചറാക്കിയതിനെ തുടർന്ന് വാഹനം അരമണിക്കൂറോളം വഴിയിൽ കുടുങ്ങി. രാഹുൽ ഗാന്ധിക്കെതിരായ പൊലീസ് നടപടി സാമാന്യമര്യാദക്ക് നിരക്കാത്തതാണെന്നും, ഗ്യാനേഷ് കുമാറിന്റെ രാജി വരെ സമരം തുടരുമെന്നും എം.കെ. രാഘവൻ എം.പി വ്യക്തമാക്കി.

പ്രതിഷേധക്കാരെ കടത്തി വിടാതിരിക്കാൻ ജന്തർമന്തറിലേക്കുള്ള രണ്ടു റോഡുകളിലും പൊലീസ് പ്രതിരോധം തീർത്തിരുന്നു. പിന്നോട്ടില്ല എന്ന നിലപാടിലാണ് എം.പിമാർ. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ യൂത്ത് കോൺഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് വൻ സംഘർഷത്തിന് ഇടയാക്കി.

തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ ആകാശവാണി ഭവനിലേക്ക് അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഡൽഹി പൊലീസ് രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ ചുമത്തിയിരുന്നു. തനിക്കെതിരെ രജിസ്റ്റർ ചെയ്യുന്ന ഓരോ എഫ്.ഐ.ആറും നെഞ്ചിലെ മെഡൽ പോലെയാണെന്നും, കേസുകളെ ഭയന്ന് പിന്മാറില്ലെന്നുമാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. നിലവിൽ 45 എഫ്.ഐ.ആറുകൾ തന്‍റെ പേരിലുണ്ടെന്നും 100 ആക്കുകയാണ് ലക്ഷ്യമെന്നും രാഹുൽ എക്സിൽ കുറിച്ചു.
 

Post a Comment

أحدث أقدم