ചെന്നൈ: 
തീരദേശ മേഖലകളില്‍ നാശം വിതച്ച അര്‍ണബ് ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് ന്യൂനമര്‍ദമായി മാറി. യാനം, ആന്ധ്രാപ്രദേശ്, ഒഡീഷ മേഖലകളില്‍ അത്രയേറെ നാശമാണ് അര്‍ണബ് വിതച്ചത്. ആന്ധ്രയില്‍ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. പത്ത് മണിക്കൂറില്‍ അധികം നീണ്ട ലാന്‍ഡ് ഫാള്‍.

 അതിതീവ്ര ചുഴലിക്കാറ്റായി മാറിയതു മുതല്‍ തന്നെ ആന്ധ്രാപ്രദേശ് തീരത്തുണ്ടായ ശക്തമായ കാറ്റും മഴയും. അര്‍ണബിന്റെ സംഹാരതാണ്ഡവമായിരുന്നു തീരദേശ മേഖലകളില്‍ ഇന്നലെ കണ്ടത്. 125 മുതല്‍ 150 കിലോമീറ്റര്‍ വരെയായിരുന്നു കാറ്റിന്റെ വേഗം. 


വൈദ്യുതാഘാതമേറ്റും മരംവീണും ആന്ധ്രാപ്രദേശില്‍ അഞ്ച് ജീവനുകള്‍ പൊലിഞ്ഞു. 70,900 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി ഉള്‍പ്പെടെ, 81,350 ഹെക്ടര്‍ സ്ഥലത്തെ കാര്‍ഷിക വിളകള്‍ പൂര്‍ണമായും നശിച്ചു. പതിനൊന്ന് ജില്ലകളിലായി 25 ലക്ഷത്തോളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി നിലച്ചു. മരങ്ങള്‍ക്കൊപ്പം വൈദ്യുതി കാലുകളും വ്യാപകമായി ഒടിഞ്ഞുവീണു.


നൂറിലധികം വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. കൊനസീമ, കാക്കിനഡ, വിശാഖപട്ടണം, യാനം തുടങ്ങിയ മേഖലകളിലാണ് വ്യാപക നഷ്ടം ഉണ്ടായത്. 30 സെന്റിമീറ്റര്‍ വരെ മഴയാണ് പലയിടങ്ങളിലും പെയ്തത്. കാറ്റൊഴിഞ്ഞെങ്കിലും പല മേഖലകളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. ഒഡീഷ, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും അര്‍ണബിന്റെ പ്രഭാവത്താല്‍ ശക്തമായ കാറ്റും മഴയും ഉണ്ടായി. ഇവിടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 

Post a Comment

Previous Post Next Post