കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും കൃഷിയോടുള്ള താൽപ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, കൃഷിവകുപ്പ്, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന കതിർ (KATHIR) പദ്ധതിയുടെ ഭാഗമായി സ്കൂൾതല കാർഷിക ക്ലബ്ബായ ‘പല്ലവം’ പ്രവർത്തനമാരംഭിച്ചു.
ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മണ്ണൊരുക്കലും നടത്തി.
സ്കൂൾ പി.ടി.എ. പ്രസിഡന്റ് റൂബി മർക്കോസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ കാർഷിക ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കുകയും മണ്ണൊരുക്കലിന് തുടക്കം കുറിക്കുകയും ചെയ്തു.
കോടഞ്ചേരി കൃഷിഭവൻ അഗ്രികൾച്ചറൽ ഓഫീസർ അപർണ എ. ക്ലബ്ബിന്റെ പ്രവർത്തനപദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി, ഗ്രാമപഞ്ചായത്ത് അംഗം റെജി തമ്പി, കോടഞ്ചേരി കൃഷിഭവൻ സീനിയർ അസിസ്റ്റന്റ് മിഷേൽ ജോർജ്, മുതിർന്ന കർഷകൻ ജേക്കബ് കുളക്കാട്ട്, ഹൈസ്കൂൾ ബോട്ടണി അധ്യാപകൻ സാബിൻസ് മാനുവൽ, സ്കൂൾ എം.ബി.ടി.എ. പ്രസിഡന്റ് അലീന ബാബു എന്നിവർ ആശംസകൾ നേർന്നു. കൃഷി അസിസ്റ്റന്റ് വിപിൻ വി പി, സ്കൂൾ പി.ടി.എ. എക്സിക്യൂട്ടീവ് അംഗം ഐഡ സണ്ണി, മുതിർന്ന കർഷകൻ കുഞ്ഞേട്ടൻ മേലേത്ത് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ സ്വാഗതം ആശംസിച്ച ചടങ്ങിന് സ്കൂൾ സ്റ്റാഫ് സെക്രട്ടറി സ്മിത കെ. ഏവർക്കും നന്ദി രേഖപ്പെടുത്തി.
സ്കൂളിൽ നിലവിലുള്ള പോളിഹൗസ് കേന്ദ്രീകരിച്ചായിരിക്കും പല്ലവം കാർഷിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുക. കൃഷിവകുപ്പിന്റെ നിർദേശങ്ങൾക്കും ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിനും അനുസൃതമായി വിവിധ കൃഷിരീതികൾ അവലംബിച്ച് മാതൃകാ കാർഷികത്തോട്ടം ഒരുക്കുകയാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. ജൈവകൃഷിയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തുക, കൃഷിയിലൂടെ പരിസ്ഥിതി സംരക്ഷണബോധം വളർത്തുക, കാർഷിക സംസ്കാരം പുതുതലമുറയിലേക്ക് പകരുക, വിദ്യാർത്ഥികളിൽ അധ്വാനശീലവും പ്രകൃതിസ്നേഹവും വളർത്തുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
സ്കൂൾ ഗൈഡ്സ് ക്യാപ്റ്റൻ ഗ്ലാഡിസ് പി. പോൾ ക്ലബ്ബിന്റെ നോഡൽ ഓഫീസറായും ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി സ്മിത കെ., എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബിൻസി കെ. ജെ., സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ്, സൗഹൃദ കോർഡിനേറ്റർ രാജി ജോസഫ് എന്നിവർ അസിസ്റ്റന്റ് നോഡൽ ഓഫീസർമാരായും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. എൻ.എസ്.എസ്., സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളിലെ വിദ്യാർത്ഥികളെയും തിരഞ്ഞെടുക്കപ്പെടുന്ന മറ്റു വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. കൃഷി ഉദ്യോഗസ്ഥരുടെ മാർഗനിർദേശത്തിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
സ്കൂൾ മാനേജ്മെന്റ് പ്രതിനിധി സി. സുധർമ്മ എസ്.ഐ.സി., അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാലയത്തെ കാർഷിക പ്രവർത്തനങ്ങളുടെ മാതൃകാകേന്ദ്രമാക്കി മാറ്റുന്നതിനും വിദ്യാർത്ഥികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും പല്ലവം കാർഷിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.


Post a Comment