പുത്തൂർ: പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അധിക പിന്തുണ നൽകി പഠനമികവിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ പുത്തൂർ ഗവ. യു.പി സ്കൂളിൽ നടപ്പാക്കിയ ‘ഒപ്പം’ പഠന പിന്തുണ ക്യാമ്പയിന്റെ ഒന്നാം ഘട്ടത്തിന് സമാപനമായി. രണ്ടാഴ്ചയായി നടന്നുവന്ന ക്യാമ്പയിൻ കൊടുവള്ളി ബീക്കൺ അക്കാദമിയുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്.


ഓരോ കുട്ടിയുടെയും പഠനനിലവാരം തിരിച്ചറിഞ്ഞ് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനും പഠനപ്രയാസങ്ങൾ മറികടന്ന് ആത്മവിശ്വാസത്തോടെ മുന്നേറാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചത്. പഠനത്തിൽ കൂടുതൽ ശ്രദ്ധയും പരിശീലനവും ആവശ്യമായ കുട്ടികൾക്ക് അധിക പഠനാവസരങ്ങൾ ഒരുക്കുന്നതിലൂടെ എല്ലാവരെയും പഠനത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

സമാപന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. സ്വാദിഖ് ഉദ്ഘാടനം നിർവഹിച്ചു. ബീക്കൺ അക്കാദമി ഡയറക്ടർ കുഞ്ഞോയി പുത്തൂർ സമ്മാനദാനം നടത്തി. അധ്യാപകരായ കെ.സി. ശാദുലി, കെ.കെ. ഖമറുദ്ദീൻ, പി.സി. ഉമൈമ, പി.കെ. ദീപ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക വി. ഷാഹിന സ്വാഗതവും എസ്.ആർ.ജി. കൺവീനർ ഡോ. കെ. സബീന നന്ദിയും പറഞ്ഞു.

ഫോട്ടോ: പുത്തൂർ ഗവ. യു.പി സ്കൂളിൽ ‘ഒപ്പം’ പദ്ധതിയുടെ ഒന്നാം ഘട്ട സമാപനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. സ്വാദിഖ് ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post