കോടഞ്ചേരി: മലയോര മേഖലയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നാലാം വളവ്–നൂറാംതോട് റോഡ് നവീകരണത്തിന് 26 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചതായി തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം അറിയിച്ചു.
ഏറെക്കാലമായി പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടുവരുന്ന റോഡ് നവീകരണത്തിന് അനുമതി ലഭിച്ചതോടെ മലയോര മേഖലയിലെ ഗതാഗത വികസനത്തിന് പുതിയ പ്രതീക്ഷയായിരിക്കുകയാണ്.
റോഡ് നവീകരണം യാഥാർഥ്യമാകുന്നതോടെ നൂറാംതോട്, നാലാം വളവ് തുടങ്ങിയ പ്രദേശങ്ങളിലെയും സമീപ മലയോര ഗ്രാമങ്ങളിലെയും ജനങ്ങൾക്ക് യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടും. ദൈനംദിന യാത്രക്കാർക്കും വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ചരക്കുഗതാഗതത്തിനും പദ്ധതി ഗുണകരമാകുമെന്നാണ് പ്രതീക്ഷ .
നാലാം വളവ്–നൂറാംതോട് റോഡിന്റെ നവീകരണം ഭാവിയിലെ ഗതാഗത വികസനത്തിനും ഏറെ സഹായകമാകും.
26 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെ തുടർനടപടികൾ വേഗത്തിലാക്കി നവീകരണ പ്രവൃത്തികൾ യാഥാർഥ്യമാക്കാനാകുമെന്ന് എം എൽ എ അറിയിച്ചു .

Post a Comment