കോഴിക്കോട്:
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ വഫാതായി. തിങ്കൾ വൈകുന്നേരം 5:20 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. നിരവധി മഹല്ലുകളുടെ ഖാളിയും സുന്നി വിദ്യാഭ്യാസ ബോർഡിന്റെയും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും സംസ്ഥാന പ്രസിഡന്റുമാണ്.

കേരളത്തിലെ പ്രമുഖ സയ്യിദ് തറവാടായ ബാഫഖി കുടുംബത്തില്‍ സയ്യിദ് അഹ്‌മദ്‌ ബാഫഖി-ശരീഫ നഫീസ ബീവി എന്നിവരുടെ മകനായി 1938 ൽ ജനിച്ചു. കൊയിലാണ്ടിയിലെ വീടിനടുത്തുള്ള മാപ്പിള സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1950 ല്‍ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം അറബിക് കോളേജില്‍ ചേര്‍ന്നു. കോഴിക്കോട്, കൊയിലാണ്ടി, പരപ്പനങ്ങാടി ജുമാമസ്ജിദുകളിലെ പഠനശേഷം 1965 ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഉപരിപഠനം. അഞ്ചു വര്‍ഷം അവിടെ പഠിച്ച തങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനയായ നൂറുല്‍ ഉലമയുടെ പ്രഥമ പ്രസിഡണ്ടായിരുന്നു. പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ പട്ടിക്കാടും ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാർ, പാണക്കാട് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍ എന്നിവര്‍ പരപ്പനങ്ങാടിയിലും സതീര്‍ഥ്യരായിരുന്നു. ജാമിഅ നൂരിയ്യയില്‍ അല്‍ മുനീര്‍ മാസിക പുറത്തിറക്കിയതും തങ്ങളുടെ നേതൃത്വത്തിലായിരുന്നു. ഹാഫിള് മുഹമ്മദ് മുസ്‌ലിയാർ, കുട്ടി മുഹമ്മദ് മുസ്‌ലിയാർ, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാർ, ഇ കെ അബൂബക്കര്‍ മുസ്‌ലിയാർ എന്നിവർ പ്രധാന ഗുരുനാഥരാണ്. ആറു പതിറ്റാണ്ടോളമായി കൊയിലാണ്ടി വലിയകം ജുമാമസ്ജിദ് ഖത്വീബായ തങ്ങള്‍ കൊയിലാണ്ടി ഖൽഫാൻ സ്ഥാപനങ്ങളുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടായി സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃരംഗത്ത് സജീവമാണ് തങ്ങൾ.

ഭാര്യ: പരേതയായ ശരീഫ ഉമ്മുക്കുൽസു. മക്കൾ: സയ്യിദ് ഇബ്‌റാഹീം ബാഫഖി, സയ്യിദ് ഹുസൈൻ ബാഫഖി, സയ്യിദ് ഉസ്മാൻ ബാഫഖി, സയ്യിദ് ഇസ്മാഈൽ ബാഫഖി, സയ്യിദ് സൈദ് ഉമർ ബാഫഖി, സയ്യിദ് സൈൻ ബാഫഖി, സയ്യിദ് അബ്‌ദുറഹ്‌മാൻ ബാഫഖി, സയ്യിദത്ത് ശരീഫ റുഖയ്യ, സയ്യിദ് ഹാശിം ബാഫഖി. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ മരുമകനാണ്.

ജനാസ നിസ്കാരം ചൊവ്വ ഉച്ചക്ക് 1 മണിക്ക് കൊയിലാണ്ടിയിൽ.     ബാഫഖി തങ്ങളുടെ നിര്യാണത്തെ തുടർന്ന് സുന്നി വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മദ്‌റസകൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ബോർഡ് ഓഫീസ് അറിയിച്ചു.

Post a Comment

أحدث أقدم