കോഴിക്കോട്: 
എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സാർത്ഥം നടക്കുന്ന ജനകീയ ധനസമാഹരണ ക്യാമ്പയിനെതിരെ മന്ത്രി കെ. മുരളീധരൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി സോഷ്യൽ മീഡിയ. മരുന്ന് സർക്കാരിന്റെ പക്കൽ സൗജന്യമായി ലഭ്യമാണെന്നും പിന്നെന്തിനാണ് ഇത്തരമൊരു ക്യാമ്പയിൻ നടത്തുന്നതെന്നുമുള്ള മന്ത്രിയുടെ ചോദ്യത്തിന് പിന്നാലെയാണ്, ചികിത്സയ്ക്ക് ആവശ്യമായ മരുന്നിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയത്.

സർക്കാർ സൗജന്യമായി നൽകുന്ന മരുന്നും കുഞ്ഞുങ്ങളുടെ രോഗമുക്തിക്കായി ഇപ്പോൾ തേടുന്ന മരുന്നും രണ്ടാണെന്ന് കുറിപ്പുകൾ വ്യക്തമാക്കുന്നു. നാറ്റ്കോ ഫാർമ (Natco Pharma) പുറത്തിറക്കിയ 'ജനറിക് റിസ്ഡിപ്ലാം' (Generic Risdiplam) എന്ന മരുന്നാണ് 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് സർക്കാർ സൗജന്യമായി നൽകുന്നത്. എന്നാൽ, നിലവിലെ ക്യാമ്പയിനിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിച്ച് വാങ്ങാൻ ഉദ്ദേശിക്കുന്നത് 'സോൾജൻസ്മ' (Zolgensma) എന്ന വിലയേറിയ മരുന്നാണ്. ഒറ്റത്തവണ മാത്രം നൽകേണ്ട ഈ മരുന്നിലൂടെ കുഞ്ഞുങ്ങൾക്ക് പൂർണ്ണ രോഗമുക്തി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാധ്യമങ്ങളുടെ പെട്ടെന്നുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയപ്പോൾ സംഭവിച്ച ആശയക്കുഴപ്പമാകാം മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നിലെന്ന് സോഷ്യൽ മീഡിയ കുറിപ്പുകളിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യർ ഒത്തൊരുമിച്ച് ഒരു അത്ഭുതം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഈ നിർണ്ണായക ഘട്ടത്തിൽ, തെറ്റിദ്ധാരണകൾ മൂലം കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും ധനസമാഹരണത്തിനും യാതൊരുവിധ തടസ്സവും ഉണ്ടാകാൻ പാടില്ലെന്നും കുറിപ്പുകൾ ഓർമ്മിപ്പിക്കുന്നു.

കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഇന്ന് രണ്ട് കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ജനകീയ ക്യാമ്പയിനിലൂടെ സമാഹരിച്ച ആകെ തുക 30 കോടി രൂപയായി ഉയർന്നിട്ടുണ്ട്.

Post a Comment

أحدث أقدم