മുക്കം: കക്കാടംപൊയിലിനെ ആഗോള ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിരുവമ്പാടി എംഎൽഎ സി.കെ.കാസിമിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കക്കാടംപൊയിൽ ട്രാവൽ ആൻഡ് ടൂറിസം മാർട്ടിന്റെ ലോഗോ പ്രകാശനം വയനാട് എംപി പ്രിയങ്കാ ഗാന്ധി നിർവഹിച്ചു.
ഏറെ അത്ഭുതപ്പെടുത്തുന്ന പ്രകൃതിഭംഗി നിറഞ്ഞ ഈ മേഖലയുടെ അനന്തമായ ടൂറിസം സാധ്യതകൾ ലോകത്തിന് പരിചയപ്പെടുത്താൻ ട്രാവൽ ആൻഡ് ടൂറിസം മാർട്ടിന് സാധിക്കട്ടെയെന്ന് ലോഗോ പ്രകാശനം നിർവഹിച്ച് പ്രിയങ്കാ ഗാന്ധി പറഞ്ഞു.
എം.എൽ.എയ്ക്കൊപ്പം ഈയിടെ കക്കാടംപൊയിൽ സന്ദർശിച്ച അനുഭവം പ്രിയങ്ക ഓർത്തെടുത്തു.
2027 ജനുവരി രണ്ടാം വാരത്തിൽ സംഘടിപ്പിക്കുന്ന ട്രാവൽ ആൻഡ് ടൂറിസം മാർട്ട് കക്കാടംപൊയിലിനെ ആഗോള ടൂറിസം ബ്രാൻഡാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഒരുങ്ങുന്നതെന്ന് സി.കെ.കാസിം എംഎൽഎ പറഞ്ഞു.
2 ദിവസങ്ങളിലായി കക്കാടംപൊയിൽ വേദിയാകുന്ന ട്രാവൽ മാർട്ടിൽ വിവിധ സെഷനുകളിലായി ടൂറിസം രംഗത്തെ വിദഗ്ധർ പങ്കെടുക്കും.
തിരുവമ്പാടി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളുടെ ടൂറിസം സാധ്യതകൾ, അടിസ്ഥാന സൗകര്യ വികസനം, പരമ്പരാഗത ടൂറിസം, ഡേ ടൂർ സാധ്യതകൾ തുടങ്ങിയവ ചർച്ച ചെയ്യും.
കേന്ദ്ര, സംസ്ഥാന ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ട്രാവൽ മാർട്ടിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ ടൂർ ഓപ്പറേറ്റർമാർ, വിവിധ കമ്പനി പ്രതിനിധികൾ, റിസോർട്ട് ഉടമകൾ, ടൂറിസം രംഗത്തെ പ്രമുഖ സ്ഥാപനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
ലോഗോ പ്രകാശന ചടങ്ങിൽ സി.കെ കാസിം എംഎൽഎ അധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി ടി.സിദ്ധീഖ് മുഖ്യാതിഥിയായി. എം.ടി അഷ്റഫ്, ബിജു താന്നിക്കാ കുഴി, വി.കെ.ഹുസൈൻ കുട്ടി, കെ.ടി മൻസൂർ, പി.ജി മുഹമ്മദ്, ജോബി ഇലന്തൂർ, സി.എ മുഹമ്മദ്, രാജേഷ് ജോസ്, അബ്ദുറഹിമാൻ മേലേടത്ത്, കെ.സി.മുഹമ്മദ് ഹാജി, ഷാഫി വളഞ്ഞ പാറ, പി.സി നജീബ്, സന്തോഷ് മാളിയേക്കൽ, നിഷാബ് മുല്ലോളി തുടങ്ങിവർ പങ്കെടുത്തു.

إرسال تعليق