ഗസ്സ: യുദ്ധം ദുരിതംവിതച്ച ​ഗസ്സയിലേക്ക് അന്താരാഷ്ട്ര സേനയെ വിന്യസിക്കാൻ അമേരിക്കയുടെ ഒരുക്കം. ആദ്യഘട്ടത്തിൽ 250 വിദേശ സൈനികരെ ഗസ്സയിൽ പ്രവേശിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സർക്കാർ അനുമതി നൽകിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്തോനേഷ്യ, മൊറോക്കോ, കസാഖിസ്താൻ, കൊസോവോ, ഉഗാണ്ട, അൽബേനിയ എന്നീ രാജ്യങ്ങൾ സേനയിൽ പങ്കാളികളാകാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. കസാഖിസ്താൻ മെഡിക്കൽ, ലോജിസ്റ്റിക് സഹായങ്ങളും കൊസോവോ സുരക്ഷാ, പൊലീസ് സഹായങ്ങളും വാഗ്ദാനം ചെയ്തു.

സേനയുടെ വിന്യാസത്തിനായി തെക്കൻ ഇസ്രായേലിലെ സൈനിക താവളം സുരക്ഷിത കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ട്രക്കുകൾ, കവചിത വാഹനങ്ങൾ, മെഡിക്കൽ ഒഴിപ്പിക്കൽ വാഹനങ്ങൾ, മെഷീൻ ഗൺ ഘടിപ്പിച്ച വാഹനങ്ങൾ എന്നിവയും അവിടെ എത്തിച്ചു. അമേരിക്കൻ സൈനികരും വിദേശ ഉദ്യോഗസ്ഥരും ഗസ്സ അതിർത്തിക്ക് സമീപം എത്തിയതായും റിപ്പോർട്ടിലുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ്സ പദ്ധതിയുടെ ഭാഗമായാണ് അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നത്. എന്നാൽ സേനയുടെ വിന്യാസവും അമേരിക്കയുടെ ഇസ്രായേൽ നയത്തിലെ മാറ്റത്തിനുള്ള സാധ്യതയും ഇസ്രായേൽ സൈനിക നേതൃത്വത്തിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

അതിനിടെ, ഗസ്സയിലെ റഫയിൽ അറബ് രാജ്യത്തിന്റെ സഹായത്തോടെ പുതിയ നഗരം നിർമിക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. പതിനായിരക്കണക്കിന് ഫലസ്തീനികളെ താമസിപ്പിക്കാൻ ലക്ഷ്യമിടുന്ന നഗരത്തിൽ പ്രവേശിക്കുന്നവർക്ക് കർശന സുരക്ഷാ പരിശോധനയുണ്ടാകും. ആദ്യഘട്ടത്തിൽ പരിമിതമായ ആളുകൾക്കായിരിക്കും പ്രവേശനം. പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ അന്താരാഷ്ട്ര സേന നഗരത്തിന്റെ സുരക്ഷ ഏറ്റെടുക്കും. ഹമാസിനെ നിരായുധീകരിക്കുകയും ഗസ്സയുടെ നിയന്ത്രണം മൂന്നാം കക്ഷിക്ക് കൈമാറുകയും ചെയ്യാതെ പുനർനിർമാണം അനുവദിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ.
 

Post a Comment

أحدث أقدم