മുക്കം: മെഷീൻ വാളുപയോഗിച്ച് ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. കാരശ്ശേരി സ്വദേശി യൂസഫാണ് മുക്കം പോലീസിന്റെ പിടിയിലായത്. ഭാര്യാസഹോദരനും കൽപ്പൂർ സ്വദേശിയുമായ മുഹമ്മദ് റിയാസിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരാതി. കാരശ്ശേരി പഞ്ചായത്തിലെ കൽപ്പൂരിൽ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
സംഭവം നടന്ന ഉടനെ തന്നെ നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
മുക്കം ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. ഒരുവർഷമായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു യൂസഫ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഇതിനിടെ, ശനിയാഴ്ച കൽപ്പൂര് അങ്ങാടിയിൽ നിൽക്കുകയായിരുന്ന റിയാസിനെ മെഷീൻ വാളുപയോഗിച്ച് പ്രതി ആക്രമിക്കുകയായിരുന്നു. മെഷീൻ വാളുപയോഗിച്ച് തന്റെ കഴുത്തിന് ആക്രമിക്കുകയായിരുന്നുവെന്നും കൈകൊണ്ട് തടഞ്ഞതിനാൽ രക്ഷപ്പെടുകയായിരുന്നെന്നും പരിക്കേറ്റ റിയാസ് പറഞ്ഞു.
Post a Comment