കോടഞ്ചേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉടമസ്ഥതതയിൽ കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ ഇരുവഴിഞ്ഞിപ്പുഴ അരിപ്പാറയിൽ സ്ഥാപിച്ച ജലവൈദ്യുതപദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ
ഇന്ന് ഉച്ചകഴിഞ്ഞ് 3. 30ന് ഓൺലൈൻ വഴി നാടിന് സമർപ്പിക്കും.
സിയാലിന്റെ ആദ്യ ജലവൈദ്യുതപദ്ധതിയാണിത്. അഞ്ചുവർഷംകൊണ്ട് നിർമാണം പൂർത്തിയാക്കിയ നിലയത്തിന് 4.5 മെഗാവാട് ഉത്പാദനശേഷിയുണ്ട്. 32 ആളുകളിൽനിന്ന് അഞ്ചേക്കർസ്ഥലം പദ്ധതിക്കായി ഏറ്റെടുത്തു. 52 കോടി രൂപയാണ് പദ്ധതിയുടെ മുതൽമുടക്ക്. വർഷത്തിൽ പതിനാല് ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പദ്ധതിയുടെ പ്രിൻസിപ്പൽ കൺസൽട്ടൻറ് ഷെല്ലി ജോർജ് പറഞ്ഞു.
ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി തത്സമയം കെ.എസ്.ഇ.ബി.യുടെ തമ്പലമണ്ണ ഗ്രിഡിലേക്ക് നൽകും.
കേരള എനർജി മാനേജ്‌മെന്റ് സെന്റർ, ഹൈഡ്രോടെക്ക് കൺസൽട്ടൻറ്, കിറ്റ്‌കോ തുടങ്ങിയ സ്ഥാപങ്ങളുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓൺലൈനായി നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, മുഹമ്മദ് റിയാസ് എന്നിവരും രാഹുൽഗാന്ധി എം.പി., ലിന്റോ ജോസഫ് എം.എൽ.എ. തുടങ്ങിയവരും പങ്കെടുക്കും.
ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെ 30 മീറ്റർ വീതിയിൽ തടയണ കെട്ടി അവിടെ നിന്ന് അര കിലോമീറ്റർ അകലെയുള്ള അരിപ്പാറ പവർഹൗസിലേക്ക് പെൻസ്റ്റോക്ക് കുഴൽ വഴി വെള്ളമെത്തിച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്.

Post a Comment