ഓമശ്ശേരി: ഭക്ഷണം,പാര്‍പ്പിടം,ആരോഗ്യം,താമസസ്ഥലം തുടങ്ങിയ സൗകര്യങ്ങളുടെ അപ്രാപ്യതയും അതിന്റെ തീവ്രതയും കണക്കിലെടുത്ത് അതിദാരിദ്ര്യാവസ്ഥയിലുള്ളവരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഓമശ്ശേരിയിൽ വാർഡ്‌ തലങ്ങളിൽ രൂപീകരിച്ച ജനകീയ സമിതികൾക്കുള്ള ദ്വിദിന പരിശീലന പരിപാടിക്ക്‌ തുടക്കമായി.ഓമശ്ശേരി കോ-ഓപറേറ്റീവ്‌ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.പഞ്ചായത്ത്‌ മെമ്പർ കെ.കരുണാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ കെ.പി.രജിത,പി.ഇബ്രാഹീം ഹാജി എന്നിവർ പ്രസംഗിച്ചു.സുലൈമാൻ,ടി.ടി.മനോജ്‌ കുമാർ എന്നിവർ പരിശീലനത്തിന്‌ നേതൃത്വം നൽകി.പഞ്ചായത്ത്‌ മെമ്പർമാരായ പി.കെ.ഗംഗാധരൻ സ്വാഗതവും അശോകൻ പുനത്തിൽ നന്ദിയും പറഞ്ഞു.

ഒന്ന് മുതൽ പത്ത്‌ വരെയുള്ള വാർഡുകളിലെ ജനകീയ സമിതികൾക്ക്‌ ആദ്യ ദിനം രണ്ട്‌ ഘട്ടങ്ങളിലായി പരിശീലനം പൂർത്തീകരിച്ചു.പതിനൊന്ന് മുതൽ പത്തൊമ്പത്‌ വരെയുള്ള വാർഡുകൾക്കുള്ള പരിശീലനം നാളെ(ശനി) നടക്കും.11,12,13,14,15 വാർഡുകളുടേത്‌ രാവിലെ 9.30നും 16,17,18,19 വാർഡുകളുടേത്‌ ഉച്ചക്ക്‌ 1.30നുമാണ്‌ തുടങ്ങുക.വാർഡ്‌ തലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇരുപതംഗ ജനകീയ സമിതികളുടെ പ്രതിനിധികൾക്കാണ്‌ 'കില'യുടെ സഹായത്തോടെ പരിശീലനം നൽകുന്നത്‌.വാർഡ്‌ മെമ്പർമാർ അദ്ധ്യക്ഷരായ വാർഡ്‌ തല ജനകീയ സമിതിയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപന ഭരണസമിതിയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ.അങ്കണ വാടി വർക്കർ,ആശാ പ്രവർത്തകർ,കുടുംബശ്രീ പ്രതിനിധികൾ,എസ്‌.സി-എസ്‌.സി.പ്രമോട്ടർമാർ,ആർ.ആർ.ടി.അംഗങ്ങൾ,സന്നദ്ധ സംഘടന പ്രവർത്തകർ,പാലിയേറ്റീവ്‌ അംഗങ്ങൾ,ബി.എൽ.ഒ,തൊഴിലുറപ്പ്‌ പദ്ധതി പ്രതിനിധി എന്നിവരുൾപ്പടെ ഇരുപതംഗങ്ങളാണ്‌ ഉണ്ടാവുക.

അഞ്ചു വർഷം കൊണ്ട്‌ അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനാണ്‌ പദ്ധതി ലക്ഷ്യമിടുന്നത്‌.അതിദരിദ്രരെ കണ്ടെത്തി അവർക്ക്‌ മോചനത്തിനുള്ള പദ്ധതികൾ മൈക്രോ പ്ലാനിലൂടെ നടപ്പിലാക്കുകയാണ്‌ ഈ പ്രക്രിയ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.അതിജീവനത്തിന്‌ വേണ്ട അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കാൻ തീരെ കഴിയാതെ പോവുന്ന അതിജീവനം തന്നെ പ്രതിസന്ധിയിലായ വിഭാഗത്തെയാണ്‌ അതിദരിദ്രരായി കണക്കാക്കുന്നത്‌.അടിസ്ഥാന അവകാശങ്ങൾ പോലും നേടിയെടുക്കാൻ ശേഷിയില്ലാത്ത,പൊതുവിൽ ബാഹ്യസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത,അശരണരും നിരാലംബരും അഗതികളുമായ കുടുംബങ്ങളെയാണ്‌ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തുക.

പങ്കാളിത്തപരമായ പ്രക്രിയയിലൂടെ ‌പ്രാഥമിക പട്ടിക തയ്യാറാക്കി വാർഡു തല സമിതിയിൽ ചർച്ച ചെയ്യും.വാർഡുകളിൽ സാമൂഹിക സംഘടനാ പ്രതിനിധികളുടേയും കുടുംബശ്രീ പ്രവർത്തകരുടേയും ഫോക്കസ്‌ ഗ്രൂപ്പ്‌ ചർച്ചയും ക്ലസ്റ്റർ തല ചർച്ചയും നടക്കും.ഇതിനു ശേഷമാണ്‌ അതിദരിദ്രരുടെ അന്തിമ ലിസ്റ്റ്‌ തയ്യാറാക്കുക.അന്തിമമായി പഞ്ചായത്ത്‌ ഭരണസമിതി അംഗീകരിച്ച അതിദരിദ്രരുടെ പട്ടിക എം.ഐ.എസിലും പഞ്ചായത്തിന്റെ വെബ്സൈറ്റിലും പൊതു സ്ഥാപനങ്ങളിലെ നോട്ടീസ്‌ ബോർഡിലും പ്രസിദ്ധപ്പെടുത്തും.

Post a Comment

Previous Post Next Post