ഓമശ്ശേരി:പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ സമഗ്രപുരോഗതിക്കായി സർക്കാർ ആവിഷ്‌ക്കരിച്ച സമന്വയ പദ്ധതി പ്രകാരം തൊഴിൽ വകുപ്പിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് കോഴിക്കോട്‌  ജില്ലാഎംപ്ലോയ്‌മെന്റ്‌ എക്സേഞ്ചും ഓമശ്ശേരി പഞ്ചായത്തിലെ പുല്ലങ്കോട്‌,മാനാമ്പറ്റ,പഠാളിക്കുന്ന്,ഇടിവെട്ടി പട്ടികജാതി കോളനി കമ്മിറ്റിയും സംയുക്തമായി പുത്തൂർ ഗവ:യു.പി.സ്കൂളിൽ രജിസ്ട്രേഷൻ ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

ക്യാമ്പ്‌ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.
പഞ്ചായത്തംഗം പി.ഇബ്രാഹീം ഹാജി അദ്ധ്യക്ഷത വഹിച്ചു.നൂറിൽ പരം ഉദ്യോഗാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ സർവ്വതോന്മുഖമായ പുരോഗതിക്കായുള്ള പദ്ധതികളും വിവിധ തൊഴിൽ മേഖലകളിലെ സാദ്ധ്യതകളും ജില്ലാ എംപ്ലോയ്‌മെന്റ്‌ വെക്കേഷണൽ ഗൈഡൻസ്‌ ഓഫീസർ ടി.പി.വിനോദ് കുമാർ വിശദീകരിച്ചു.
താമരശ്ശേരി താലൂക്ക്‌ എംപ്ലോയ്‌മെന്റ്‌ ഓഫീസർ സി.ജെ.അശോക്‌ കുമാർ,കോഴിക്കോട്‌ ജൂനിയർ എംപ്ലോയ്‌മെന്റ്‌ ഓഫീസർ ജയനാരായണൻ,പി.ഷീന,ആർ.കെ.സ്മിത,മനോജ്‌ കുമാർ എന്നിവർ സംസാരിച്ചു.

പുല്ലങ്കോട്‌ എസ്‌.സി.കോളനി കൺവീനർ പി.ജയൻ സ്വാഗതവും പി.കെ.ജലേഷ്‌ നന്ദിയും പറഞ്ഞു.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് ക്യാമ്പിൽ വെച്ച്‌ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു.

വരും ദിവസങ്ങളിൽ പഞ്ചായത്തിലെ ഇതര പട്ടിക ജാതി-പട്ടിക വർഗ്ഗ കോളനികളിലെ ഉദ്യോഗാർത്ഥികൾക്കായി കോളനികളുടെ സഹകരണത്തോടെ വിപുലമായ തുടർ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് എംപ്ലോയ്‌മെന്റ്‌ എക്സേഞ്ച്‌ ഉദ്യോഗസ്ഥർ അറിയിച്ചു.


Post a Comment

Previous Post Next Post