തിരുവമ്പാടി : സംസ്ഥാനത്തെ മികച്ച സ്പോർട്സ് ക്ലബ്ബും പരിശീലന സ്ഥാപനവുമായ മലബാർ സ്പോർട്സ് അക്കാദമിയുടെ പുതിയ ജഴ്സി പ്രകാശനം ചെയ്തു.
ജൂനിയർ/സബ് ജൂനിയർ തലത്തിലുള്ള കായിക താരങ്ങൾക്ക് അത്ലറ്റിക് പരിശീലനം നൽകി വളർത്തിയെടുക്കുന്നതിൽ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ പരിശീലന സ്ഥാപനമാണ് പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി.
കേരള സംസ്ഥാനത്തിന് തന്നെ അഭിമാനിക്കാവുന്ന നിലവാരത്തിലെത്തി, അന്താരാഷ്ട്ര മെഡലുകൾ അടക്കം നിരവധി ഉജ്ജ്വല വിജയങ്ങൾ കരസ്ഥമാക്കിയിരിക്കുന്ന അക്കാദമിയിലെ കായിക താരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള ട്രാക്ക്സ്യൂട്ട് അടക്കമുള്ള സമ്പൂർണ ജഴ്സി ഇത്തവണ സ്പോൺസർ ചെയ്തിരിക്കുന്നത് പുല്ലൂരാംപാറ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ 'യുവ'യാണ്.
ജഴ്സി പ്രകാശന - കൈമാറ്റ ചടങ്ങുകൾ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ 17-12-2021 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പുല്ലൂരാംപാറ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്
നിർവഹിച്ചു.
അക്കാദമിയിലെ മുൻകായിക വിദ്യാർത്ഥിയും ദേശീയ കായിക താരമായിരുന്ന ലിന്റോ ജോസഫ് എംഎൽഎ, അക്കാദമിയിലെ തന്റെ പരിശീലനകാല ഓർമ്മകൾ ചടങ്ങിൽ പങ്കുവച്ചു.
ഇല്ലായ്മകളുടെയും പരാധീനതകളുടെയും അപര്യാപ്തതകളുടെയും നടുവിൽ നിന്നും ഇത്രയധികം നേട്ടങ്ങൾ കൈവരിക്കാൻ മലബാർ സ്പോർട്സ് അക്കാദമിക്ക് സാധിച്ചതിൽ അക്കാദമി കുടുംബാംഗമെന്ന നിലയിലുള്ള അഭിമാനം അദ്ദേഹം പ്രകടിപ്പിച്ചു.
തുടർ വളർച്ചകൾക്ക് തന്നാലാവുംവിധമുള്ള സഹായങ്ങളും പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൈനി ബെന്നി, പുല്ലൂരാംപാറ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോളി ഉണ്ണിയേപ്പള്ളിൽ, അക്കാദമി ചീഫ് കോച്ചും യുവ ചെയർമാനുമായ ടോമി ചെറിയാൻ, അക്കാദമി ചെയർമാൻ ജോസ് മാത്യു, സ്കൂൾ കായിക അദ്ധ്യാപിക ജോളി തോമസ്, വിദ്യാർത്ഥി പ്രതിനിധി അഥീന കെ.വി, ജോജോ കാഞ്ഞിരക്കാടൻ, അലീഷ ജോബി, അജു എമ്മാനുവൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
إرسال تعليق