'മകത്തിന്റെ മുഖത്ത് എള്ളെറിഞ്ഞാൽ കുടത്തിന്റെ മുഖത്ത് എണ്ണ' എന്നാണ് പഴമൊഴി. 

പണ്ടത്തെ നമ്മുടെ നെൽവയലുകളിൽ കൃഷിചെയ്തിരുന്ന ഒരു പ്രധാന ഇടവിളയായിരുന്നു എള്ള്. നാടൻചക്കിലാട്ടിയ എള്ളെണ്ണ അന്നും ഇന്നും തേച്ചുകുളിക്കാനും ഭക്ഷ്യയെണ്ണയായും നാം ഉപയോഗിച്ചുവരുന്നു. നെൽവയലുകൾക്കൊപ്പം നെൽകൃഷിയും ഇടവിളകൃഷികളും വിസ്മൃതിയിലാണ്ടപ്പോൾ എള്ളുകൃഷിയും പേരിനു മാത്രമായി മാറി. ശബ്ദശാസ്ത്ര പരമായി എൾനെയ് ആണ് എണ്ണ എണ്ണ ആകുന്നത്. അതേപോലെ എള്ളിന്റെ പര്യായമായ തിലത്തിൽ നിന്ന് ഉണ്ടാക്കുന്നതാണ് തൈലം. എന്നാൽ കേരളത്തിൽ ഇപ്പോൾ എള്ള് കൃഷി 300 ഹെക്ടറിൽ താഴെ മാത്രമാണ്. ഉത്പാദന ക്ഷമത കുറഞ്ഞു കുറഞ്ഞ് ഹെക്ടറിന് 300 കിലോയിൽ താഴെയെത്തി നിൽക്കുന്നു. പുരാതന സംസ്കൃതികളായ ബാബിലോണിയയിലും അസീറിയയിലും 4000 ബി.സി. മുതലേ എള്ളിനെ പരാമർശിക്കുന്നുണ്ട്.

ഇന്ത്യയിലുടനീളം കൃഷി ചെയ്യാവുന്ന ഒരു ഏകവർഷി ഓഷധിയാണ് എള്ള്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിൽ ചില ഭാഗത്തും ആഹാരം പാകം ചെയ്യാൻ എള്ളെണ്ണ ഉപയോഗിക്കുന്നു. ശൈത്യകാലവിളയായും വേനൽക്കാല വിളയായും ഇവിടങ്ങളിൽ എള്ള് കൃഷിചെയ്തു വരുന്നു. സംസ്കൃതത്തിൽ തില, സ്നേഹരംഗ എന്നിങ്ങനെ പറയപ്പെടുന്ന എള്ള് ഹിന്ദിയിൽ അറിയപ്പെടുന്നത് തിൽ എന്നും തെലുങ്കിൽ നുവുലു എന്നുമാണ്. ആംഗലേയത്തിൽ ജിൻജില്ലി, സെസാമി എന്നു പറയപ്പെടുന്ന എള്ളിന്റെ ശാസ്ത്രീയനാമം സെസാമം ഇൻഡിക്ക എന്നാണ്. ലോകത്ത് ഏറ്റവുമധികം എള്ള് ഉത്പാദിപ്പിക്കുന്നത് ടാൻസാനിയക്കാരാണ്. പിന്നീട് ഇന്ത്യക്കാരാണ്. അതുകഴിഞ്ഞാൽ നമ്മുടെ അയൽക്കാരായ ചൈനയാണ്. 50 ശതമാനം എണ്ണയടങ്ങിയിരിക്കുന്ന ഇതിൽ കൊഴുപ്പിന്റെ അംശവും അധികമാണ്.

കറികൾക്ക് രുചികൂട്ടാനും അച്ചാർ കേടാകാതിരിക്കാനും മാത്രമല്ല ആർത്തവ പ്രശ്നങ്ങളുടെ മരുന്നായും എള്ള് ഉപയോഗിക്കുന്നു. കൂടിയാൽ രണ്ടുമീറ്റർ പൊക്കമാണ് എള്ളിന്റെ ചെടിക്കുണ്ടാകുക. ഇലകളുടെ അരികുകൾ ചെമ്പരത്തിയിലപോലെ കട്ടിങ്ങുകൾ നിറഞ്ഞതുമായിരിക്കും. മുകൾ ഭാഗത്തേക്ക് എത്തുമ്പോഴേക്കും സമുഖമായി വിന്യസിച്ചിരിക്കുന്ന മങ്ങിയ പച്ചനിറമുള്ള ഇലകൾ ചെറുതായും അടുപ്പിച്ചും കാണപ്പെടുന്നു. ചെടിയുടെ കാണ്ഡത്തിലും ആസകലവും ഇലകളിലും ചെറിയ ലോമികകൾ നിറഞ്ഞിരിക്കും. പൂക്കൾക്ക് നിറം വെള്ളയും പീതവുമായിരിക്കും. നാല് കോണോടുകൂടിയ പയറിന്റെ ആകൃതിയിലാണ് വിത്തുകളുടെ പോഡുണ്ടാവുക. മുകളറ്റത്ത് ത്രികോണാകൃതിയിൽ ഒരു വടിവുണ്ടാകും.
കൃഷിയിടമൊരുക്കൽ

എള്ള് കൃഷിയിൽ നിലമൊരുക്കലിൽ പ്രധാന ശ്രദ്ധയാവശ്യമാണ്. പശിമരാശിമണ്ണിലാണ് എള്ള് നന്നായി വിളയുക. നമ്മുടെ നാട്ടിൽ പാടത്ത് നെല്ലുവിളയിക്കുന്നതുപോലെയാണ് ഉത്തരേന്ത്യയിൽ എള്ള് വിളയിക്കുന്നത്. മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞാലാണ് നാം പാടത്ത് വിത്തിറക്കുന്നത്. അത് ഡിസംബർ-ഫെബ്രുവരി മാസങ്ങളിലാണ്. എന്നാൽ പറമ്പുകളിൽ ഓഗസ്റ്റ് തുടങ്ങിയ മാസങ്ങളിൽ എള്ള് വിതയ്ക്കാം. വിത്ത് വിതയ്ക്കുതിനുമുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം. അതിനുശേഷം അതിൽ സെന്റൊന്നിന് 30-40 കിലോ തോതിൽ കാലിവളമോ കംപോസ്റ്റോ ചേർത്തിളക്കിനിരപ്പാക്കണം. അമഌുണം കൂടുതലുള്ള മണ്ണാണെങ്കിൽ ആവശ്യത്തിന് ഡോളമൈറ്റൊ കുമ്മായമോ ചേർത്തുകൊടുക്കാം. അങ്ങനെ വളംചേർത്ത് നിരപ്പാക്കിയ നിലത്താണ് വിത്തുകൾ വിതയേ്ക്കണ്ടത്. ചെടിയുടെ വളർച്ചയുടെ ആദ്യകാലങ്ങളിൽ പുലർകാലങ്ങളിൽ അന്തരീക്ഷത്തിൽ തണുപ്പും പകൽസമയത്ത് ചൂടും അത്യാവശ്യമാണ്. കൃഷിയിടത്തിൽ വെള്ളം കെട്ടിനിൽക്കരുത്. വയലിൽ ചാലുകളെടുക്കുമ്പോൾ അത് കണക്കാക്കണം. വിതച്ച് ഒരു മാസമായാൽ ഇടയിളക്കി കളകൾ പിഴുതുമാറ്റണം.

അഞ്ച്-ആറ് ഇലകൾ വന്നുകഴിഞ്ഞാൽ രണ്ടാഴ്ച ഇടവിട്ട് നനയ്ക്കുന്നത് വിളവിനെ വർധിപ്പിക്കും. ശിഖരം പൊട്ടുമ്പോഴും പൂവിടുമ്പോഴും നനയ്ക്കൽ നിർബന്ധമാണ്. തവാരണകളിൽ വിത്ത് പാകിമുളപ്പിച്ച് പറിച്ചുനട്ടാണ് ചട്ടികളിൽ എള്ള്്് വളർത്താവുന്നത്. മഴക്കാലത്ത് പുരയിടങ്ങളിൽ കൃഷിയിൽ എള്ള് വിതയ്ക്കാൻ തടമെടുക്കുമ്പോൾ നല്ല നീർവാർച്ചയുള്ളിടത്തായിരിക്കണം. തടത്തിൽ കാലിവളം, മണൽ, മണ്ണ്, വേപ്പിൻപിണ്ണാക്ക്, കുമ്മായം എന്നിവ നന്നായി ഇളക്കിച്ചേർത്തതിനുശേഷം വിതയ്ക്കാവുന്നതാണ്. വേനൽക്കാലത്താണ് വിതയ്ക്കുന്നതെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചുകൊടുക്കണം. സൂര്യപ്രകാശവും ലഭിക്കണം. ചെടിവളരുന്നതിനനുസരിച്ച് മാസത്തിലൊരിക്കൽ കാലിവളം ചേർത്തിളക്കിക്കൊടുക്കണം. നന്നായി നനച്ചും കൊടുക്കണം.

വിത്തുകൾ

കാരെള്ള് , വട്ടെള്ള്, പനിക്കുടപ്പൻ, കുട്ടനാടൻ, വെള്ളെള്ള്, വലയ എള്ള്, ചെറിയെള്ള് എന്നിവയാണ് എള്ള് വിത്തിലെ നാടൻ ഇനങ്ങൾ. ഓണാട്ടുകര ഭാഗത്തെ താഴ്ന്ന പ്രദേശങ്ങൾക്ക് യോജിച്ച കായംകുളം1, ഇലപ്പുള്ളിരോഗത്തെ പ്രതിരോധിക്കുന്ന തിലോത്തമ എന്ന് അറിയപ്പെടുന്ന കായംകുളം 2, സോമ എന്നറിയപ്പെടുന്ന എസിവി1, ഉയർന്ന പ്രദേശങ്ങൾക്ക് അനുയോജ്യമായ സൂര്യ എന്നറിയപ്പെടുന്ന എസിവി2, വേനൽക്കാലകൃഷിക്ക് അനുയോജയമായ തിലക് എന്ന എസിവി3 എന്നിവയാണ് പ്രധാന വിത്തിനങ്ങൾ. ഏത് തരം വിത്തായാലും അംഗീകൃത ഔട്ട്ലറ്റിൽ നിന്നുതന്നെ വാങ്ങാൻ ശ്രദ്ധിക്കുകയെന്നതാണ് വിത്തുതെരഞ്ഞെടുക്കലിന്റെ ആദ്യഘട്ടം. നൂറുകിലോ എള്ളിൽ നിന്ന് സാധാരണയായി 45-50 കിലോ എണ്ണ ലഭിക്കും.

കീടങ്ങൾ

പയർവർഗവിളകളെ ബാധിക്കുന്ന ശലഭപ്പുഴുക്കളും ചാഴിയുമാണ് എള്ളിനെ ബാധിക്കുന്ന കീടങ്ങൾ. വൈറ്റ്റസ്റ്റ്, ആൾടെർനേരിയബ്ലൈറ്റ്, സ്ക്ലീറോട്ടിനിയ റോട്ട് എന്നിവ കൂടാതെ വെള്ളീച്ചയുടെ ആക്രമണവും സാധാരണയായി കണ്ടുവരുന്നു. ചെടിയുടെ തണ്ടിലും ഇലയിലും വെളുത്തപാട പോലെ പറ്റിക്കിടക്കുന്ന ഒരുതരം ഫംഗസ്സും എഫിഡും ഇതിന്റെ ശത്രുവാണ്. ചീരച്ചെടികളെ സാധാരണമായി ബാധിക്കുന്ന ഇലപ്പുള്ളിരോഗവും മൊസൈക്ക് രോഗവും സർവസാധാരണമാണ്.

വേപ്പെണ്ണ എമെൽഷൻ, വേപ്പധിഷ്ഠിത കീടനാശിനികൾ എന്നിവ എള്ളിലെ കീടബാധയ്ക്കും രോഗബാധയ്ക്കും ഉത്തമമാണ്. രാസകൃഷിയിൽ വളരെയധികം കടുത്ത രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഉത്തരേന്ത്യയുടെ ഭാഗങ്ങളിലും ആന്ധ്രാ പ്രദേശിന്റെ മറ്റുപല ഭാഗങ്ങളിലും നിരോധിച്ച എൻഡോസൾഫാൻ വരെ തളിക്കുന്നുണ്ട്. വിളവെടുപ്പിന്റെ സമയത്തുള്ള കീടനാശിനിപ്രയോഗം എള്ളിന്റെയും എണ്ണയുടെയും നിലവാരത്തെ ബാധിക്കും.

വിളവെടുപ്പ്

കായകൾ മഞ്ഞനിറംപകർന്ന് പൊട്ടാൻ തുടങ്ങുന്നതോടെയാണ് എള്ള് വിളവെടുക്കുക. ഇവ ചുവടെ അരിഞ്ഞെടുത്ത് കറ്റകളാക്കി വെയിലത്ത് കുത്തിനിർത്തണം. ഉണങ്ങിയതിനുശേഷം അടിഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിൽ കിടത്തിയിട്ട് തല്ലി വിത്ത് വേർതിരിച്ചെടുക്കാം. അത് ചേറിയുണക്കി മാലിന്യം കളഞ്ഞ് പോളിത്തീൻ കവറുകളിൽ സൂക്ഷിക്കാം. നന്നായി ഉണങ്ങിയാൽ മുഴുവൻ എണ്ണയും ലഭിക്കും

എള്ളിന്റെ ഗുണങ്ങൾ

എള്ളിൽ ഏകദേശം 45-50 ശതമാനം എണ്ണയും 22 ശതമാനം പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ജീവകം ബി യുടെയും എയുടെയും നല്ല കലവറയാണ് എള്ള്. ദഹനത്തെ നന്നായി സഹായിക്കുന്ന ഇതിൽ കാർബോ ഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. കാൽസ്യം, ചെമ്പ്, സൾഫർ, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക,് സോഡിയം എന്നീമൂലകങ്ങളും ഇതിലുണ്ട്. കൂടാതെ വിറ്റാമിൻ എ, തയാമിൻ, നിയാസിൻ, റൈബോഫഌവിൻ, വിറ്റാമിൻ സി, അന്നജം, കൊഴുപ്പ് എന്നിവയും എള്ളിൽ അടങ്ങിയിരിക്കുന്നു.

ആയുർവേദത്തിൽ ശരീരത്തിന് മയമുണ്ടാക്കാനും മലം അയഞ്ഞുപോകാനും ആർത്തവം ത്വരപ്പെടുത്താനും മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും, വാതരോഗങ്ങൾ ശമിപ്പിക്കാനും വിയർപ്പ് ഉണ്ടാക്കാനും പിത്തത്തെ കോപിപ്പിക്കാനും എള്ള് ചേർത്ത മരുന്നുകൾ ഉപയോഗിക്കുന്നു. വയറുവേദനയ്ക്ക് എള്ളും ഇലയും കഷായം വെച്ച് ശരക്കര കൂട്ടി സേവിക്കാം. പൊള്ളലിന് എള്ളെണ്ണയും വെളിച്ചെണ്ണയും സമം ചേർത്ത് പുരട്ടാം. സന്ധിവാതം, നടുവേദന, വാതജന്യമായ തലവേദന എന്നിവയ്ക്കും എള്ള്് ഔഷധമാണ്. മുറിവുണങ്ങാനും എള്ള് അരച്ച് കട്ടിയിൽ തേച്ചുപിടിപ്പിക്കാം. എള്ള് പതിവായി ചവച്ചരച്ച് കഴിച്ചാൽ പല്ലുകൾക്ക് നല്ല ഉറപ്പുണ്ടാകും.

കടപ്പാട്,

Post a Comment

Previous Post Next Post