പെരുമണ്ണ: ഒളവണ്ണ, പെരുമണ്ണ ഗ്രാമപ്പഞ്ചായത്തുകളിലെ 300 ഏക്കറോളംവരുന്ന തരിശുനിലങ്ങളിൽ നെൽക്കൃഷിയിറക്കാനൊരുങ്ങി കോഴിക്കോട് ജില്ലാപഞ്ചായത്ത്.

 നെൽവയലുകളിൽ കാർഷികസമൃദ്ധി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ‘കതിരണി’ പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കൽ. ഒളവണ്ണയിലെ ചന്ദനാട്ട്പാടം, പൂളേങ്കരചാലി, പെരുമണ്ണയിലെ പണ്ടാരച്ചാലി, കിഴക്കേചാലി, മീൻക്കുഴിപ്പാടം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ കൃഷിയിറക്കുന്നത്. ഇതിന്റെ ഭാഗമായി കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.ഡി. മിനിയുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച ഈ പ്രദേശങ്ങളിൽ സാധ്യതാപഠനം നടത്തി. 

ഡിസംബർ 17-ന് രാവിലെ 10 മണിക്ക് പെരുമണ്ണ ഇല്ലത്തുതാഴത്ത് ഇരു ഗ്രാമപ്പഞ്ചായത്തുകളിലെയും പ്രസിഡന്റുമാരടക്കമുള്ള ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുക്കുന്ന കൺവെൻഷൻ നടത്താനും തീരുമാനിച്ചു. 
പദ്ധതി നടപ്പാകുന്നതോടെ പ്രദേശങ്ങളിലെ കാർഷികമേഖല വീണ്ടും സജീവമാകുമെന്നാണ് വിലയിരുത്തൽ.

ഒളവണ്ണ, പെരുമണ്ണ ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധയിടങ്ങളിലായി ഏക്കർകണക്കിനുഭൂമിയാണ് തരിശായി കിടക്കുന്നത്.

 കൈതപ്പുല്ലും ആഫ്രിക്കൻ പായലുംമൂടി പാടശേഖരങ്ങൾ പലതും കൃഷിയോഗ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്. കാർഷികമേഖലയിലുള്ളവർ കെട്ടിടനിർമാണ മേഖലകളിലേക്കുപോലും തൊഴിൽമാറിയ അവസ്ഥയാണ്. ചെലവിനനുസരിച്ചുള്ള വരുമാനം ലഭിക്കാത്തതാണ് കർഷകരടക്കമുള്ളവർ കൃഷിയിൽനിന്ന് വിട്ടുനിൽക്കാൻ കാരണം. കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കാനുള്ള സർക്കാർ പദ്ധതികൾ പലതും കടലാസിലൊതുങ്ങുന്നവെന്നും ആക്ഷേപമുണ്ട്.

Post a Comment

Previous Post Next Post