തിരുവമ്പാടി:
കേരളത്തിൽ 31-ൽ പരം വില്ലേജുകൾ  കസ്തൂരിരംഗൻ റിപ്പോർട്ട്  പ്രകാരമുള്ള പരിസ്ഥിതി ലോല പ്രദേശ ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടപ്പോഴും, കോഴിക്കോട് ജില്ലയിൽ 9 വില്ലേജുകൾ അതുപോലെ തുടരുകയാണ്.

കേന്ദ്ര സർക്കാരും മുൻ കേരള സംസ്ഥാന സർക്കാരുകളും അംഗീകരിച്ച, ജനസൗഹൃദപരമായ ഉമ്മൻ വി ഉമ്മൻ റിപ്പോർട്ടിനെ ചവറ്റുകുട്ടയിലിട്ട്, മുൻ എം പി. ജോയ്സ് ജോർജ്ജിന്റെ നേതൃത്വത്തിലുളള രാഷ്ട്രീയ നേതാക്കളുടെ സ്ഥാപിത താല്പര്യ സംരക്ഷണാർഥം മുപ്പത്തിയൊന്നോളം വില്ലേജുകളെ ഇഎസ്എ ലിസ്റ്റിൽ നിന്നും ഒഴിവാക്കി, ഈ ഒഴിവാക്കപ്പെട്ട ഭൂമിക്ക്  പകരമായി മറ്റ് വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളെ ബലികൊടുക്കുന്ന കിരാത പ്രവർത്തനങ്ങൾ ജനമധ്യത്തിൽ തുറന്നു കാണിച്ച് പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സമര  പരിപാടികൾ  സംഘടിപ്പിച്ചിരിക്കുന്നത്.  

29.65% സംരക്ഷിത വനവും 54 ശതമാനം  വൃക്ഷാവരണവും ഉള്ള കേരളത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ കർഷകരുടെ കൃഷിഭൂമിയിലേക്ക് കടന്നു കയറേണ്ട കാര്യം ഇല്ല എന്ന് ഉറക്കെ പ്രഖ്യാപനവുമായാണ്
കേരള ഇൻഡിപെൻഡൻന്റ് ഫാർമേഴ്സ് അസോസിയേഷൻ - കിഫ
സമര രംഗത്തിറങ്ങിയിരിക്കുന്നത് എന്ന് ചെയർമാൻ അലക്സ് ഒഴുകയിൽ പ്രസ്താവിച്ചു. 

പുതിയ പേരിൽ കൃഷിഭൂമികൾ അടക്കം ഉൾപ്പെടുത്തിക്കൊണ്ട് കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധ പരിപാടികൾക്കാണ് കിഫ തുടക്കം കുറിച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാ മലയോര ജില്ലകളിലും കർഷക പ്രതിരോധ സദസ്സുകൾ സംഘടിപ്പിക്കുമെന്ന് തിരുവമ്പാടിയിലെ യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് അലക്സ് ഒഴുകയിൽ പറഞ്ഞു. 


വൈകിട്ട് നാലുമണിക്ക് തിരുവമ്പാടി പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നും നൂറു കണക്കിന് കർഷകർ പങ്കെടുത്ത പ്രതിഷേധ പ്രകടനം ബസ് സ്റ്റാൻഡിൽ പൊതു സമ്മേളനത്തോടൊപ്പം സമാപിച്ചു.

പൊതു സമ്മേളനം കിഫ ചെയർമാൻ അലക്സ് ചാണ്ടി ഒഴുകയിൽ ഉത്ഘാടനം ചെയ്തു. 
അഡ്വ അലക്സ് എം സ്കറിയ, മനോജ് കെ.ഡി., ജിജി ഇല്ലിക്കൽ, പ്രവീൺ ജോർജ്ജ്, ജയിംസ് മറ്റത്തിൽ, ദേവസ്യ കാളാംപറമ്പിൽ, ജോർജ്ജ് കുംബ്ലാനിക്കൽ, ഷാജു മുണ്ടത്താനം, ബിനോയ് പെരിഞ്ചെല്ലൂർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment

Previous Post Next Post