കോടഞ്ചേരി:
കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിൻ്റെ നേൃത്വത്തിൽ കോടഞ്ചേരി പ്രദേശത്തെ റോഡുകളുടെ ശോചനീയാവസ്ഥയ് ക്കെതിരെ കോടഞ്ചേരി ടൗണിൽ പ്രതിഷേധ റാലിയും ധർണ്ണയും സംഘടിപ്പിച്ചു.
നാളുകളായി പണി തുടങ്ങിയിട്ടും എങ്ങും എത്താതെ നിൽക്കുകയാണ് കൈതപ്പോയിൽ - അഗസ്ത്യൻമുഴി, കൂടത്തായി - കോടഞ്ചേരി, കോടഞ്ചേരി - തെയ്യപ്പാറ, കോടഞ്ചേരി - ഓമശ്ശേരി എന്നീ റോഡുകൾ. വികസനത്തിൻറെ പേര് പറഞ്ഞ് റോഡുകളെല്ലാം പൊളിച്ചിട്ട് പൊതുസമൂഹത്തെ ദുരിതത്തിലാക്കുന്ന സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാകാത്തത്തിലുള്ള പ്രതിഷേധം പൊതുസമൂഹം പ്രകടിപ്പിച്ചു.
പണി തുടങ്ങി മൂന്നു വർഷത്തിൽ അധികം ആയിട്ടും ഏറ്റവും ശോചനീയമായ അവസ്ഥയിൽ ഉള്ളത് കൈതപ്പിയിൽ - കോടഞ്ചേരി - അഗസ്ത്യൻമുഴി റോഡ് ആണ്.
ഇതിൻ്റെ ടെൻഡർ എടുത്തിരിക്കുന്ന നാഥ് കൺസ്ട്രക്ഷനെ ഫലപ്രദമായി നിയന്ത്രിച്ച് റോഡ് പണി എത്രയും വേഗം പൂർത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ഗവൺമെൻ്റിനോട് യോഗം ആവശ്യപ്പെട്ടു.
അഴിമതിയുടെ കരപുരണ്ട രാഷ്ട്രീയക്കാർ ജനത്തോടു പ്രതിബദ്ധത കാണിച്ച് നാടിന് മാതൃകയാകണം.
ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി വാങ്ങുന്ന ഉദ്യോഗസ്ഥർ ജനത്തോടു കൂറ് കാണിച്ച് അവരുടെ ഉത്തരവാദിത്തം ഫലപ്രദമായി നിർവഹിക്കണം എന്ന് യോഗം വിലയിരുത്തി.
ഗവൺമെൻ്റ് എത്രയും വേഗം നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ തുടർ പ്രതിഷേധം ഉണ്ടാകും എന്ന് യോഗം മുന്നറിയിപ്പ് നൽകി.
കോടഞ്ചേരി മരിയൻ തീർഥാടന കേന്ദ്രം റെക്ടർ ഫാ. തോമസ് നാഗപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു.
കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് പ്രസിഡൻ്റ് ഷാജു കരിമഠത്തിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു.
സാമൂഹ്യ പ്രവർത്തകനും റിട്ടയേർഡ് ഡി. ഡി. ഇ, സി.സി. ജേക്കബ് വിഷയത്തെ അധികരിച്ച് സംസാരിച്ചു,
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
വ്യാപാര വ്യവസായി ഏകോപന സമിതിയെ പ്രതിനിധീകരിച്ച് സി. ജെ. ടെന്നീസൺ, കോടഞ്ചേരി ഇടവകയെ പ്രതിനിധീകരിച്ച് സിബി പുളിമൂട്ടിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.
കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് സെക്രട്ടറി ജോൺ പി.വി, കേരള കാത്തലിക് യൂത്ത് മൂവ്മെൻ്റ് കോടഞ്ചേരി യൂണിറ്റ് സെക്രട്ടറി ജോർജ് അമ്പാട്ട് തുടങ്ങിയവർ യോഗത്തെ അഭിസംബോധന ചെയ്തു.
Post a Comment