കോഴിക്കോട് :
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്കു വിട്ട നടപടി നിയമസഭയിൽ പിൻവലിക്കുന്നതു വരെ സമരം തുടരുമെന്നു പ്രഖ്യാപിച്ചു മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ സമ്മേളനം.
വഖഫ് നിയമനങ്ങൾ പിഎസ്‍സിക്കു വിട്ടതിൽ പ്രതിഷേധിച്ചും, രണ്ടാം ഇടതു സർക്കാർ മുസ്‍ലിം സമുദായത്തിനു നേരെ വിവേചനം കാണിക്കുന്നതായി ആരോപിച്ചും ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനവും റാലിയും പാർട്ടി ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
മുസ്‍ലിം സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ഇടതു സർക്കാർ മനഃപൂർവം ശ്രമം നടത്തുന്നതു കൊണ്ടാണു ലീഗിനു സമര രംഗത്തേക്ക് ഇറങ്ങേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടിഷുകാർ ചെയ്തതുപോലെ സമുദായങ്ങളെ ഭിന്നിപ്പിച്ചു മുതലെടുപ്പു നടത്താമെന്ന് ഇടതു സർക്കാർ വിചാരിക്കേണ്ടെന്നു ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ പ്രഖ്യാപിച്ചു.
വിവിധ ജില്ലകളിൽ നിന്നായി എത്തിയ പതിനായിരക്കണക്കിനു പ്രവർത്തകരാണു കോഴിക്കോട് കടപ്പുറത്തെ സമ്മേളനത്തിൽ പങ്കെടുത്തത്.
ലോക്‌ഡൗണിനു ശേഷം സംസ്ഥാനതലത്തിൽ നടത്തിയ പൊതുസമ്മേളനം മുസ്‌ലിം ലീഗിന്റെ ശക്തിപ്രകടനം കൂടിയായി.
എം.കെ.മുനീർ എംഎൽഎ അധ്യക്ഷത വഹിച്ചു.
ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ.സലാം, തമിഴ്നാട് വഖഫ് ബോർഡ് ചെയർമാനും തമിഴ്നാട് മുസ്‍ലിം ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റുമായ എം.അബ്ദുറഹ്മാൻ, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, കെ.പി.എ.മജീദ് എംഎൽഎ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, കെ.എം.ഷാജി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുറഹ്മാൻ കല്ലായി, പി.കെ.ഫിറോസ്, എം.സി.മായിൻഹാജി എന്നിവർ പ്രസംഗിച്ചു.
Post a Comment