കൊടുവള്ളി: നഗരസഭ മുസ്‌ലിം ലീഗ് കമ്മിറ്റി മാനിപുരത്ത് ആരംഭിച്ച ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു.
വിവിധ പ്രയാസങ്ങളാൽ ജീവിതത്തിൽ ഒറ്റപ്പെട്ടവരെ സഹായിക്കുന്ന പ്രവർത്തനമാണ് സമൂഹം എറ്റെടുക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ ഖത്തർ ചാപ്റ്റർ കമ്മിറ്റി നൽകിയ ആയിരം ഡയാലിസിസിനുള്ള ഫണ്ടും, വിവിധ സംഘടനകളും വ്യക്തികളും നൽകിയ തുക, കട്ടിലുകൾ എന്നിവയും സാദിഖലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി.
എം.കെ. മുനീർ എം.എൽ.എ. ഡയാലിസിസ് മെഷീനുകൾ ഏറ്റുവാങ്ങി.
ഫിസിയോ തെറാപ്പി സെൻറർ എം.കെ. രാഘവൻ എം.പി. ഉദ്ഘാടനംചെയ്തു.
ആറോ പ്ലാന്റ് ഉമ്മർ പാണ്ടികശാലയും ,ലിഫ്റ്റ് നജീബ് കാന്തപുരം എം.എൽ.എ.യും, ഫാർമസി മുൻ എം.എൽ.എ. വി.എം. ഉമ്മറും, വാട്ടർ പ്യൂരിഫെയർ നഗരസഭ ചെയർമാൻ വെള്ളറ അബ്ദുവും ഉദ്ഘാടനംചെയ്തു.
രണ്ടുകോടി രൂപ ചെലവഴിച്ചാണ് സെൻറർ സജ്ജീകരിച്ചത്.
10 കിടക്കകളാണ് ഒരുക്കിയത്. ഇവിടെനിന്ന് ഒരുദിവസം ആദ്യഘട്ടത്തിൽ 30 പേർക്ക് ഡയാലിസിസ് ചെയ്യാം.
സെന്ററിലെ സേവനങ്ങൾ പൂർണമായും സൗജന്യമാണ്. ചെയർമാൻ എം.എ. റസാഖ് അധ്യക്ഷനായി.
എ.പി. മജീദ്, കെ.കെ.എ. ഖാദർ, വി.കെ. അബ്ദുഹാജി, അലി മാനിപുരം തുടങ്ങിയവർ പങ്കെടുത്തു.
Post a Comment