തിരുവമ്പാടി :പാലും തേനുമൊഴുക്കി വിജയഗാഥ രചിക്കുകയാണു തിരുവമ്പാടി തമ്പലമണ്ണ കുഴികണ്ടത്തിൽ സിബിയുടെ കുടുംബം. വീടിന്റെ സമീപത്തുള്ള 1.5 ഏക്കർ റബർ തോട്ടത്തിൽ 200 കൂടുകളിലാണു ചെറുതേൻ കൃഷി. ചെറിയ തോതിൽ ഉണ്ടായിരുന്ന തേനീച്ച വളർത്തൽ 5 വർഷം മുൻപാണു വിപുലമായ ചെറുതേൻ കൃഷിയായി രൂപപ്പെടുത്തിയത്. പെരുവണ്ണാമൂഴി കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ പരിശീലനത്തിനു ശേഷമാണു ശാസ്ത്രീയമായ കൃഷിരീതി അവലംബിച്ചത്. തിരുവമ്പാടി കൃഷി ഓഫിസറും ഇപ്പോൾ ഹരിതകേരള മിഷൻ ജില്ലാ കോഓർഡിനേറ്ററുമായ പി.പ്രകാശ് എല്ലാ പിന്തുണയും നൽകി. കൃഷി വകുപ്പിന്റെ തേൻ കൃഷി പ്രോത്സാഹന പദ്ധതിയിൽ 10,000 രൂപയുടെ സബ്സിഡിയും ലഭിച്ചു.
കൃഷി രീതി
സ്വന്തം പുരയിടത്തിലെ മരം വെട്ടി ഉറപ്പുള്ള പെട്ടി ഉണ്ടാക്കും. ഇത് ഏറെക്കാലം കേടു കൂടാതെ നിൽക്കും. പെയിന്റ് അടിച്ച് മനോഹരമാക്കിയ പെട്ടികളുടെ രൂപകൽപനയിലും പ്രത്യേകത ഉണ്ട്. പുറത്തേക്കു ചെറിയ പൈപ്പ് വച്ച് അതിനു ചുറ്റും തെർമോ കോളിന്റെ റൗണ്ട് ഉണ്ടാക്കി വയ്ക്കും. ഇതിലൂടെയാണു തേനീച്ചകൾ അകത്തേക്കും പുറത്തേക്കും കടക്കുന്നത്.
അകത്ത് ഹണി ചേംബറും ബ്രൂഡ് ചേംബറും എല്ലാം ഒരുക്കും. പിവിസി പൈപ്പ് വച്ച് ചേംബറുകളെ ബന്ധിപ്പിക്കും. പെട്ടിക്കു മുകളിൽ മഴയും വെയിലും ഏൽക്കാതെ ടിൻ ഷീറ്റും അതിനടിയിൽ പോളിത്തീൻ ഷീറ്റും അതിനടിയിൽ തെർമോക്കോൾ കഷ്ണങ്ങളും വയ്ക്കും. അതിനാൽ അൽപം പോലും ചൂട് പെട്ടിയിൽ ഏൽക്കില്ല. നിലത്ത് അൽപം വലിയ പിവിസി പൈപ്പ് നാട്ടി അതിലാണ് കൂട് വയ്ക്കുന്നത്. കെണി കൂടുവച്ച് തേനീച്ചകളെ പിടിച്ചാണു പെട്ടിയിൽ ആക്കുന്നത്.
കൂടുകളുടെ വിഭജനം
ഒരു കൂട്ടിലെ ഈച്ചകളെ തുല്യമായി ഭാഗിച്ചാണു പുതിയ കൂട് ഉണ്ടാക്കുന്നത്. റാണി സെല്ല് പുതിയ പെട്ടിയിൽ വയ്ക്കും. റാണി ഈച്ചയ്ക്കു വലിപ്പവും നിറ വ്യത്യാസവും ഉണ്ടാകും. രാത്രിയാണു കൂട് പകരുന്നത്. അപ്പോൾ ഈച്ചകൾ എല്ലാ പെട്ടിക്കുള്ളിൽ ആയിരിക്കും. പുതിയ കൂട് പഴയ സ്ഥലത്തും പഴയ കൂട് പുതിയ സ്ഥലത്തും വയ്ക്കും. സെപ്റ്റംബർ – ഒക്ടോബർ മാസത്തിൽ ആണ് കൂടുകൾ വിഭജിക്കുന്നത്.
തേൻ എടുക്കൽ
ഫെബ്രുവരി – മാർച്ച് മാസത്തിൽ ആണ് വിളവെടുപ്പ്. വൈകിട്ടാണു തേൻ എടുക്കുന്നത്. ഇതിനു പ്രത്യേക സ്റ്റാൻഡ് ഉണ്ടാക്കി. തേൻ എടുക്കാനുള്ള പെട്ടിയുടെ മേൽക്കൂടു മാറ്റിയ ശേഷം പുറത്തേക്കുള്ള വാൽവിൽ പ്ലാസ്റ്റിക് കവർ റബർ ബാൻഡ് കൊണ്ട് അഗ്രം കെട്ടിവയ്ക്കും. പിന്നീട് പെട്ടി പുറത്ത് ചെറുതായി തട്ടുമ്പോൾ പ്ലാസ്റ്റിക് കവറിലേക്കു ഈച്ചകൾ നിറയും ഈ സമയം മൂടി തുറന്ന് ഹണി ചേംബർ സ്റ്റാൻഡിനു മുകളിലെ ചെറു ദ്വാരമുള്ള ഷീറ്റിൽ വയ്ക്കും. അവിടെനിന്ന് താഴേക്കു തേൻ ഒഴുകിയിറങ്ങി അരിച്ചു താഴെ വച്ചിട്ടുള്ള കുപ്പിയിൽ ശേഖരിക്കും. തേൻ അൽപം പോലും നഷ്ടപ്പെടില്ലെന്നു മാത്രമല്ല പൂമ്പൊടിയും മെഴുകും ഇല്ലാതെ തേൻ ലഭിക്കുകയും ചെയ്യും. ഒരു ഈച്ച പോലും ചാകില്ല.
പെട്ടി തുറക്കുമ്പോൾ കുറച്ച് ഈച്ചകൾ എങ്കിലും പുറത്തേക്കു വരും. ഇത് തലയിലും ചെവിയിലും കണ്ണിലും കയറാൻ സാധ്യത ഉണ്ട്. അതിനു പ്രതിവിധിയും സിബി കണ്ടെത്തി. വലിയ പ്ലാസ്റ്റിക് തൊപ്പിക്കു ചുറ്റും നെറ്റ് പിടിപ്പിച്ചു. ഇത് തലയിൽ വച്ചാണ് തേൻ എടുക്കുന്നത്. റബർ തോട്ടത്തിൽ നിന്ന് തവള, പല്ലി തുടങ്ങിയവ പെട്ടിയിൽ കയറാതെ നോക്കണം. തേൻ പുറത്തേക്കു തൂകിയാൽ ഉറുമ്പ് കയാറാനും സാധ്യത ഉണ്ട്.
ശരാശരി 600 മില്ലി ലീറ്റർ തേൻ ഒരു പെട്ടിയിൽ നിന്ന് ലഭിക്കും. വിപണിയിൽ ചെറുതേനിനു നല്ല വില ഉണ്ടെങ്കിലും ഒരു ലിറ്റർ 2,000 രൂപയ്ക്കാണു സിബി നൽകുന്നത്. പ്രദേശത്തെ ഒട്ടേറെപ്പേർ തേൻ വാങ്ങാൻ ഇവിടെ എത്തുന്നുണ്ട്. ഭാര്യ സിന്ധു, മക്കളായ അനിമെറ്റ് മരിയ, അലന്റീന ട്രീസ എന്നിവരും തേൻ കൃഷിയിൽ സിബിക്ക് ഒപ്പമുണ്ട്. സിബിയുടെ മാതാപിതാക്കളായ കെ.പി.തോമസിന്റെയും മേരിയുടെയും പിന്തുണയുമുണ്ട്.
ചെറുതേനിനു വേണ്ടി
ബന്ധപ്പെടേണ്ട നമ്പർ
8848126208
Nice
ReplyDeletePost a Comment