കോഴിക്കോട്:
പ്രളയ സാധ്യതാ മുന്നറിയിപ്പുകൾ കേട്ട ജനം ആദ്യമൊന്ന് ഞെട്ടി, ദുരന്ത ലഘൂകരണ മോക്ഡ്രിൽ ആണെന്നറിഞ്ഞപ്പോൾ ആശ്വാസവും.
ദേശിയ ദുരന്ത നിവാരണ അതോറിറ്റിയുടെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ കാലവർഷത്തിനു മുന്നോടിയായുള്ള ദുരന്ത ലഘൂകരണ മോക്ഡ്രിൽ ജില്ലയിൽ പൂർത്തിയായി. ജില്ലയിലെ നാലു താലൂക്കുകളിലും ജില്ലാതലത്തിലും മോക്ഡ്രിൽ നടന്നു.
ജില്ലയിലെ ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ യാഥാർത്ഥ സംഭവങ്ങൾക്ക് സമാനമായ സാഹചര്യങ്ങൾ സൃഷ്ടിച്ച് അതിന്റെ നിയന്ത്രണം ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതിനായി കലക്ടറേറ്റിൽ ഡിസ്ട്രിക്ട് എമർജൻസി കൺട്രോൾ റൂമും പ്രവർത്തിച്ചു. താലൂക്കുകളിൽ നടക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനം ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി വിവരിച്ചു. മോക്ഡ്രില്ലുമായി ബന്ധപ്പെട്ട് ജില്ലയിൽ ഒരുക്കേണ്ട സൗകര്യങ്ങൾ, വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കലക്ടർ നേതൃത്വം വഹിച്ചു. മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും നൽകിയ കലക്ടർ വിവിധ മോക്ഡ്രിൽ കേന്ദ്രങ്ങൾ സന്ദർശിച്ചു.
ഒളവണ്ണ
ജില്ലാതലത്തിൽ ഒളവണ്ണ ഗ്രാമപഞ്ചായത്തിലാണ് മോക്ക്ഡ്രിൽ നടന്നത്. ജില്ലാ കലക്ടർ ഡോ എൻ തേജ് ലോഹിത് റെഡ്ഢി, ഡെപ്യൂട്ടി കലക്ടർ ഇ.അനിതകുമാരി എന്നിവർ മോക്ക്ഡ്രിൽ സന്ദർശിച്ചു. ഒളവണ്ണ എ എൽ പി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് ഒരുക്കിയത്. റെസ്റ്റിംഗ് റൂം, ശുചിമുറി സൗകര്യം, ആവശ്യമായ ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ സജ്ജമാക്കിയിരുന്നു.
കോവിഡ് പോസിറ്റീവ് ആയവർക്കായി പ്രത്യേക മുറിയും ഒരുക്കി. മോക്ഡ്രില്ലിന്റെ ഭാഗമായി പ്രദേശത്തെ രണ്ട് സ്കൂളുകളിൽ നിന്നുള്ള കുട്ടികളടക്കം 48 പേരെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. കോടിനാട്ടുമുക്ക് സാംസ്കാരിക നിലയത്തിൽ ഡോക്ടറും നഴ്സും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന മെഡിക്കൽ ടീമിനെ സജ്ജീകരിച്ചിരുന്നു.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി, സെക്രട്ടറി പി ജി സുനിൽകുമാർ, വൈസ് പ്രസിഡന്റ് എൻ. ജയപ്രശാന്ത് , ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ഒളവണ്ണ വില്ലേജ് ഓഫീസർ പ്രസാദ്, ആരോഗ്യം, റവന്യൂ, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, മോട്ടോർ വെഹിക്കിൾ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു
മാവൂർ
കോഴിക്കോട് താലൂക്കിൽ മാവൂർ പഞ്ചായത്തിനെയാണ് മോക്ഡ്രിൽ നടത്താൻ തിരഞ്ഞെടുത്തത്.
71 പേരെയാണ് മോക്ഡ്രില്ലിന്റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പായ മണക്കാട് സ്കൂളിലേക്ക് മാറ്റിയത്. തെങ്ങിലക്കടവ്, വാളയന്നൂർ കടുക്കാഞ്ചേരി എന്നിവിടങ്ങളിലെ ആളുകളെയാണ് മാറ്റിയത്.
കോവിഡ് ബാധിതർക്ക് പ്രത്യേകം സജ്ജീകരിച്ച മുറി, വീൽചെയർ ഉൾപ്പടെയുള്ള സൗകര്യങ്ങൾ, ശുചിമുറി, മരുന്ന്, ഭക്ഷണം എന്നിവയും ഒരുക്കിയിരുന്നു. മോക്ഡ്രിൽ ദുരന്ത മുന്നറിയിപ്പ് ലഭിച്ച ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരുന്ന ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ- രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ ക്രിയാത്മകമായി ഇടപെട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്ത്, താഹസിൽദാർ എ. എം പ്രേംലാൽ, വില്ലേജ് ഓഫീസർ ജയലത, മാവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദൻ കെ തുടങ്ങിയവർ മോക്ക്ഡ്രില്ലിന് നേതൃത്വം നൽകി.
താമരശ്ശേരി
താമരശ്ശേരി താലൂക്കിൽ തലപ്പെരുമണ്ണ യിലാണ് മോക്ഡ്രിൽ നടത്തിയത്. ഐ ആർ എസ് റെസ്പോൺസിബിൾ ഓഫീസറും എൽ ആർ ഡെപ്യൂട്ടി കലക്ടറുമായ പുരുഷോത്തമൻ, താമരശ്ശേരി താഹസിൽദാറും ഇൻസിഡന്റ് കമാണ്ടറുമായ സുബൈർ.സി, എൽ ആർ താഹസിൽദാറും ഡെപ്യൂട്ടി ഇൻസിഡന്റ് കമാണ്ടറുമായ ബലരാജൻ എന്നിവർ മോക്ക്ഡ്രില്ലിന് നേതൃത്വം നൽകി.
റെഡ് അലർട്ട് പ്രഖ്യാപിച്ചു കൊണ്ടുള്ള മോക്ഡ്രിൽ സന്ദേശം ലഭ്യമായതോടെ
താലൂക്കിൽ കണ്ട്രോൾ റൂം സജ്ജമായി.
ചെറുപുഴയിൽ വെള്ളം കയറിയതുമായി ബന്ധപ്പെട്ട സാഹചര്യം ഒരുക്കി തലപ്പെരുമണ്ണ പ്രദേശത്ത് നിന്നും കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനുള്ള സൗകര്യം ഒരുക്കി. പ്രദേശത്തു നിന്നുള്ള 40 കുടുംബങ്ങളിൽ നിന്നും 190 പേരെയാണ് മോക്ഡ്രില്ലിന്റെ ഭാഗമായി തലപ്പെരുമണ്ണ ജി.എം.എൽ.പി സ്കൂളിൽ ഒരുക്കിയ ക്യാമ്പിലേക്ക് മാറ്റിയത് .
ഒഴുക്കിൽ പെട്ടവരെ രക്ഷപ്പെടുത്തുന്നതും വൈദ്യ സഹായം നൽകുന്നതും മോക്ഡ്രില്ലിൽ ഉൾപ്പെടുത്തി. വെള്ളം കയറി വീടുകളിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതും മണ്ണിടിച്ചിൽ സാധ്യത പ്രദേശത്തുനിന്നും ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്നതും മോക് ഡ്രില്ലിന്റെ ഭാഗമായി ചെയ്തു. ഗതാഗത ക്രമീകരണങ്ങൾ നടത്തി. മരം മുറിച്ചു മാറ്റി, വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. കോവിഡ് രോഗികൾക്ക് പ്രത്യേക സൗകര്യം ഒരുക്കി. ആരോഗ്യ ചികിത്സ സൗകര്യം, വെള്ളം, ഭക്ഷണം എന്നിവ ഒരുക്കി. കേന്ദ്ര സേന പ്രതിനിധികളും എത്തി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റവന്യൂ, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ഗതാഗതം, ആരോഗ്യം, ഇൻഫർമേഷൻ, കെ.എസ്.ഇ.ബി വകുപ്പുകൾ, ജനപ്രതിനിധികൾ, ദ്രുത കർമ്മ സേന വളണ്ടിയർമാർ എന്നിവരും ഉദ്യമത്തിൽ പങ്കാളികളായി.
വടകര
വടകര താലൂക്കിൽ തിരുവള്ളൂർ പഞ്ചായത്തിൽ നടന്ന മോക്ഡ്രില്ലിൽ
മോക്ഡ്രിൽ നിരീക്ഷകൻ, റവന്യൂ ഉദ്യോഗസ്ഥർ, പോലീസ്, എക്സൈസ്, ഫയർ ആൻഡ് റെസ്‌ക്യു ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, പഞ്ചായത്ത് ഭാരവാഹികൾ, സിവിൽ ഡിഫൻസ് വളന്റിയർമാർ, ആംബുലൻസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
മോക്ഡ്രില്ലിന്റെ ഭാഗമായി തിരുവള്ളൂർ പഞ്ചായത്ത് പരിധിയിലെ കാവുങ്കുനി കോളനി, അംബേദ്ക്കർ കോളനി പ്രദേശങ്ങളിൽ നിന്നുള്ള 50 പേരെയാണ് സൗമ്യത സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.
റിലീഫ് സെന്റർ, മെഡിക്കൽ എയ്ഡ് പോസ്റ്റ്, താമസം, ഭക്ഷണം ഉൾപ്പടെയുള്ള സൗകര്യങ്ങളും ക്യാമ്പിൽ ഏർപ്പെടുത്തിയിരുന്നു. പുഴയിൽ വീണയാളെ ഫയർഫോഴ്സ് സേനാംഗങ്ങൾ ചേർന്ന് റബർ ടിങ്കി ബോട്ടുപയോഗിച്ച് രക്ഷപ്പെടുത്തുന്നതും. ആംബുലൻസിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുന്നതും ഉൾപ്പെടുത്തിയിരുന്നു.
ഫയർഫോഴ്സിൻ്റെ മൂന്ന് വാഹനങ്ങളും ഒരു ആംബുലൻസും റവന്യൂ വകുപ്പിൻ്റെ നാല് വാഹനങ്ങളും മൂന്ന് സ്വകാര്യ വാഹനങ്ങളും 15 സിവിൽ വളണ്ടിയർമാരും ഫയർഫോഴ്‌സ് റസ്ക്യൂ ടീമുമായിരുന്നു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
വടകര ആർഡിഒ സി. ബിജു, തഹസിൽദാർമാരായ വർഗീസ് കൂര്യൻ, വടകര സബ് ഇൻസ്പെക്ടർ മനോജ്, എ.എം.വി.ഐ അർജുൻ, ഫയർഫോഴ്സ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സതീശൻ, ഡോ. ജ്യോതി എന്നിവർ വടകര താലൂക്കിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് മോക്ഡ്രിൽ നിയന്ത്രിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.
തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി, വൈസ് പ്രസിഡൻ്റ് എഫ് എം മുനീർ, മറ്റു ജനപ്രതിനിധികൾ, മോക്ഡ്രിൽ നിരീക്ഷകൻ ബി എസ് എഫ് എസ്.ഐ റാത്തോർ കുൽദീപ് സിംഗ്, ഡെപ്യൂട്ടി തഹസിൽദാർമാരായ കെ.കെ അനിൽ, മാർകണ്ഡേയൻ, പി പി മനോരജ്ഞൻ, ബിന്ദു, ഫയർ ഫോഴ്സ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർമാരായ വി.കെ ശശി, കെ സതീശൻ, വടകര എ.എസ്.ഐ റഷീദ്, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജീഷ്, തിരുവള്ളൂർ വില്ലേജ് ഓഫീസർ കെ.ആർ ശാലിനി, തിരുവള്ളൂർ പഞ്ചായത്ത് സെക്രട്ടറി ഐ.എൽ ശൈലജ, പ്രാഥമികാരോഗ്യ കേന്ദ്രം അസിസ്റ്റൻ്റ് സർജൻ ഡോ.കെ.എം ജ്യോതി തുടങ്ങിയവർ ദുരിതാശ്വാസക്യാമ്പ് കേന്ദ്രികരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കൊയിലാണ്ടി
കൊയിലാണ്ടി താലൂക്കിൽ കാവും വട്ടത്തിലാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. മുന്നറിയിപ്പ് ലഭിച്ചത് മുതൽ ദേശിയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മുൻകരുതൽ നടപടികൾ ആരംഭിച്ചു. അണേല പുഴയിൽ വെള്ളം ഉയർന്നാൽ സ്വീകരിക്കേണ്ട നടപടികൾ മോക്ഡ്രില്ലിൽ അവതരിപ്പിച്ചു.
കാവും വട്ടം എ.യു.പി സ്കൂളിലാണ് ക്യാമ്പ് സജ്ജീകരിച്ചത്. വീട്ടിൽ വെള്ളം കയറിയവരെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ റോപ്പുപയോഗിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതും മരംവീണ് ഗതാഗത തടസ്സം നേരിട്ട ഇടങ്ങളിൽ യന്ത്രങ്ങളുപയോഗിച്ച് അവ മുറിച്ചുമാറ്റി ഗതാഗതവും പുനസ്ഥാപിക്കുന്നതും മോക്ഡ്രില്ലിന്റെ ഭാഗമായി.
കാവും വട്ടം എ.യു.പി സ്കൂളിലെ ക്യാമ്പിലേക്ക് മൂന്ന് കുടുംബങ്ങളെയാണ് മാറ്റിയത്. 24 കുടുംബങ്ങളിലായുള്ള 71 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ സൗകര്യം ചെയ്തു. കൊയിലാണ്ടി താലൂക്കിലെ അരിക്കുളം വില്ലേജിൽ ഉൾപ്പെട്ട കാവുംവട്ടം, പടന്നയിൽ എന്നീ സ്ഥലങ്ങളിൽ വെള്ളം കയറിയ സാഹചര്യം ഒരുക്കിയാണ് മോക് ഡ്രിൽ നടത്തിയത്.
മോക്ഡ്രില്ലിൽ ബി.എസ്.എഫ് ഉദ്യോ ഗസ്ഥൻ അജിത് എസ് ഒബ്സേർവറും, ഡെപ്യൂട്ടി കലക്ടർ കെ.ഹിമ റെസ്പോൺസിബിൾ ഓഫിസറുമായിരുന്നു. തഹസിൽദാർ സി.പി മണി, കൊയിലാണ്ടി ഫയർ സ്റ്റേഷൻ സ്റ്റേഷൻ ഓഫീസർ സി.പി ആനന്ദൻ, എസ്.എച്ച്.ഒ എൻ സുനിൽ കുമാർ, മെഡിക്കൽ സുപ്രണ്ടന്റ് ഡോ. വിനോദ് കുമാർ, ജോയിന്റ് ആർ.ടി.ഒ ഇ.എസ് ബിനോയ് എന്നിവർ നേതൃത്വം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ്, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സഹകരണമുണ്ടായിരുന്നു. സിവിൽ ഡിഫൻസ്, എൻ.എസ്.എസ് വളണ്ടിയേഴ്സ്, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment