തിരുവമ്പാടി:
അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്തെ 50 പാലങ്ങള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കും വിധത്തില്‍ വിദേശമാതൃകയില്‍ ദീപാലകൃതമാക്കുന്നത് പരിഗണനയിലാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുവമ്പാടി വഴിക്കടവ് പാലത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
2023 ഓടെ സംസ്ഥാനത്തെ 50 പാലങ്ങള്‍ വിദേശമാതൃകയില്‍ ദീപാലംകൃതമാക്കി വിനോദ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി പറഞ്ഞു. 2025 ഓടെ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളില്‍ 50 ശതമാനവും ബി.എം ആന്റ് ബി.സി നിലവാരത്തിലേക്ക് മാറ്റും. മലയോര ഹൈവേയുടെ പ്രവൃത്തി 90 ശതമാനം പൂര്‍ത്തിയായതായും ഇത് മുഖ്യമന്ത്രിയുടെ സുപ്രധാന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു. മലയോര ഹൈവേ യാഥാര്‍ത്ഥ്യമാവുന്നതോടെ മലയോര മേഖലയുടെ സമ്പൂര്‍ണ്ണ ഉണര്‍വ്വ് സാധ്യമാവും. കാര്‍ഷിക, ടൂറിസം മേഖലയില്‍ അനന്തസാധ്യതകള്‍ക്ക് വഴിവെക്കുമെന്നും മന്ത്രി പറഞ്ഞു.
പൊയിലിങ്ങാപുഴക്ക് കുറുകെ പുന്നക്കല്‍, തിരുവമ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് വഴിക്കടവ് പാലം. നബാര്‍ഡ് ആര്‍ ഐ ഡി എഫില്‍ ഉള്‍പ്പെടുത്തി 5.53 കോടി രൂപ ചെലവഴിച്ചാണ് പാലം പുനര്‍ നിര്‍മ്മിക്കുന്നത്. 33 മീറ്റര്‍ നീളത്തില്‍ 2 സ്പാന്‍ ആയാണ് പാലം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇരു വശങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ ഫൂട്ട്പാത്തും 7.50 മീറ്റര്‍ വീതിയില്‍ കാരേജ് വേയും ഉള്‍പ്പെടെ ആകെ 11 മീറ്റര്‍ വീതിയാണ് പാലത്തിനുള്ളത്. പാലത്തിന്റെ അടിത്തറ ഓപ്പണ്‍ ഫൗണ്ടേഷനായാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പാലത്തിന് പുന്നക്കല്‍ ഭാഗത്തുനിന്നും 110 മീറ്ററും തിരുവമ്പാടി ഭാഗത്ത് 65 മീറ്ററും നീളത്തില്‍ അനുബന്ധ റോഡ് നിര്‍മ്മിക്കുന്നതും ഈ പ്രവൃത്തിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
ചടങ്ങില്‍ ലിന്റോ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി.അജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ജില്ലാപഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദു റഹിമാന്‍, ഉത്തരമേഖല പാലം വിഭാഗങ്ങള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി.കെ മിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment