തിരുവമ്പാടി: നന്മമനസ്സുകൾ കൈനീട്ടമായി നൽകിയ ആ സ്നേഹപ്പുടവകൾ അവർ ഇരുംകയ്യും നീട്ടി സ്വീകരിച്ചു. വീടുകളിൽ വെറുതെയിട്ട, പുനരുപയോഗിക്കാവുന്ന വസ്ത്രങ്ങളും ഒപ്പം നന്മമനസ്സുകൾ നൽകിയ പുത്തൻ ഉടുപ്പുകളും ശേഖരിച്ച് വയനാട് ജില്ലയിലെ വിവിധ ഗോത്രകോളനികളിൽ വിതരണം ചെയ്ത് കാരുണ്യത്തിന്റെ നല്ലപാഠം രചിക്കുകയാണ് തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്.എസ്.
വയനാട് ജില്ലയിലെ പൊഴുതന, പടിഞ്ഞാറത്തറ, ചുണ്ടേൽ, കുറിച്യർമല തുടങ്ങി 19 ആദിവാസി ഊരുകളിൽ വയനാട് ബ്രദേഴ്സ് ചാരിറ്റി സംഘടനയുടെ സഹായത്തോടെയാണ് വസ്ത്രങ്ങൾ വിതരണം ചെയ്തത്.
അയ്യായിരത്തിലധികം വസ്ത്രങ്ങൾ ശേഖരിച്ചു.
കാരുണ്യ പ്രവൃത്തിയിലൂടെ ആദിവാസി സമൂഹത്തെ മനസ്സിലാക്കാനും അവരെ സഹായിക്കാനും ശ്രമിക്കുകയാണ് ഈ പ്രവർത്തനത്തിലൂടെ വിദ്യാർഥികൾ ചെയ്തത്. പൊതുജനങ്ങൾക്ക് നേരിട്ട് ആദിവാസി ഊരുകളിലേക്ക് പ്രവേശനം ലഭിക്കാത്തതുകൊണ്ടാണ് വയനാട് ബ്രദേഴ്സ് എന്ന ചാരിറ്റിയുടെ സഹായം തേടിയത്.
വിദ്യാർത്ഥികളും അധ്യാപകരും ഇതിൽ പങ്കു ചേർന്നു. ഹെഡ് മാസ്റ്റർ സജി തോമസ്,പിടിഎ പ്രസിഡന്റ് ജെമീഷ് സെബാസ്റ്റ്യൻ , റിജോ സെബാസ്റ്റ്യൻ,ടിയാര സൈമൺ,ലിറ്റി സെബാസ്റ്റ്യൻ,ഗ്ലാഡി സിറിൽ , ആൻ മരിയ റെജി എന്നിവർ പ്രസംഗിച്ചു.
Post a Comment