തിരുവമ്പാടി: ശാരീരിക വൈകല്യങ്ങളെ മറികടന്ന് ഏബൽ അബ്രാഹം വീണ്ടും മാതൃകയാകുകയാണ്. ഇലക്ട്രിക്കൽ വീൽചെയർ സ്വയം ഓടിച്ച് വിദ്യാലയത്തിൽ എത്തി കാഴ്ചക്കാർക്ക് മുൻപിൽ അത്ഭുതം തീർത്തിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.
പിതാവ് സുനിൽ അബ്രാഹത്തിന്റേയും സഹപാഠികളായ ഷാമിൽ ,നിസ്സാം എന്നിവരുടേയും അകമ്പടിയിൽ എത്തിയ ഏബലിനെ സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ പ്രവേശന കവാടത്തിൽ ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിലും അധ്യാപകരും കുട്ടികളും ചേർന്ന് സ്വീകരിച്ചു.
ഉപജില്ല , ജില്ല കലോത്സവ വേദികളിൽ അംഗീകാരം നേടിയ ഏബൽ, മികച്ച പഠിതാവ്, പ്രഭാഷകൻ ഗായകൻ, എഴുത്തുകാരൻ , സഹൃദയൻ തുടങ്ങി വൈവിധ്യ സിദ്ധികളാൽ അനുഗ്രഹീതനാണ്. പിതാവ് സുനിലും മാതാവ് ഷാർലറ്റും അനുജത്തി എയ്ഞ്ചലും മുഴുവൻ അധ്യാപകരും ആറ് ബി ക്ലാസ്സിലെ എല്ലാ കൂട്ടുകാരും ഏബലിന് സഹായമായി എപ്പോഴും ഉണ്ട്. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങിലും ഏബലിന്റെ സാന്നിധ്യം ഉണ്ട്.
ഓസ്ട്രിച് കമ്പനിയുടെ ഇലക്ട്രിക്കൽ വീൽ ചെയർ മൂന്ന് മണിക്കൂർ ചാർജ് ചെയ്താൽ 15 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാം. പരമാവധി പത്ത് കിലോമീറ്റർ വേഗതയും രണ്ട് ലക്ഷം രൂപ വിലയുമുള്ള വീൽ ചെയർ ഒരു സുമനസ് ഏബലിന് നൽകിയ സമ്മാനമാണ്.
ഡിസംബർ മൂന്ന് ഭിന്നശേഷി ദിനത്തിന്റെ തൊട്ട് തലേന്ന്, ആത്മവിശ്വാസം ഉയർത്തി, മാതൃകയും പ്രചോദനവുമായി വിദ്യാലയത്തിലെത്തിയ ഏബൽ, കാലത്തിന് മുൻപേ നടക്കാൻ ഭിന്നശേഷി കുട്ടികളെ പ്രചോദിപ്പിക്കുകയാണ്.
Post a Comment