കോഴിക്കോട്:
നൊച്ചാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആസ്തി ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള ജി.ഐ.എസ് സർവ്വേക്ക് തുടക്കമായി. കൽപ്പത്തൂർ ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ശാരദ ഉദ്ഘാടനം ചെയ്തു.
വരും ദിവസങ്ങളിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഡ്രോൺ ഉപയോഗിച്ച് സർവ്വേ നടത്തി ആസ്തി റജിസ്റ്റർ പുന:സംഘടിപ്പിക്കും.
നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പഞ്ചായത്ത് പരിധിയിലെ വിഭവങ്ങൾ സംബന്ധിച്ച് വിവരം വെബ് പോർട്ടലിൽ ഉൾപ്പെടുത്തും. ഏറ്റവും വേഗതയാർന്നതും മെച്ചപ്പെട്ടതുമായ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റോഡുകൾ, നടപ്പാത, ലാൻഡ് മാർക്ക്, പാലം, ഡ്രൈനേജ്, കനാൽ കൾവർട്ട്, തരിശു നിലങ്ങൾ, വയലുകൾ, തണ്ണീർ തടങ്ങൾ എന്നിവയുടെ പൂർണ്ണ വിവരങ്ങൾ ഫോട്ടോ സഹിതം രേഖപ്പെടുത്തും.
ചടങ്ങിൽ വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺമാരായ ശോഭനാ വൈശാഖ്, ബിന്ദു അമ്പാളി, ഗ്രാമപഞ്ചായത്തംഗം പി.പി.അബ്ദുൾസലാം, പ്രൊജക്റ്റ് മാനേജർ കെ.കെ നവീൻകുമാർ, റിജിൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ് സ്വാഗതവും കെ.എം ചന്ദ്രൻ നന്ദിയും പറഞ്ഞു.
Post a Comment