തിരുവനന്തപുരം: 
നഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി. ഇതിനായി സർക്കാരിന് മൂന്ന് മാസത്തെ സാവകാശം നൽകി. നഴ്സുമാരുടേയും ആശുപത്രി ഉടമകളുടേയും അഭിപ്രായങ്ങൾ ആരാഞ്ഞതിന് ശേഷം വേതനം പുനഃപരിശോധിക്കുന്നതിനാണ് കോടതി നിർദേശം.

2018-ൽ സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനമാണ് പുഃപരിശോധിക്കേണ്ടത്. 

വ്യാപക സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും പിന്നാലെയാണ് 2018-ൽ നഴ്സുമാരുടെ മിനിമം വേതനം സർക്കാർ നിശ്ചയിച്ചിരുന്നത്.

 50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ മിനിമം വേതനം 20,000 രൂപയായിട്ടും പരമാവധി 30000 രൂപയായിട്ടുമാണ് അന്ന് സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ മാനേജ്മെന്റും നഴ്സുമാരും വ്യത്യസ്ത ഹർജികളുമായി കോടതിയെ സമീപിച്ചിരുന്നു.

ഇപ്പോൾ ലഭിക്കുന്ന ശമ്പളം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി നഴ്സുമാർ വീണ്ടും സമരരംഗത്തിറങ്ങിയിരുന്നു. സർക്കാർ സർവീസിൽ ഒരു നഴ്സിന്റെ അടിസ്ഥാന ശമ്പളം 39,300 രൂപയാണെന്നും ഈ കണക്കിലേക്ക് സ്വകാര്യ മേഖലയിലെ നഴ്സുമാരെ കൂടി ഉയർത്തണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.

 തങ്ങളോട് ആലോചിക്കാതെ 2018-ൽ ഏകപക്ഷീയമായാണ് സർക്കാർ മിനിമം വേതനം പ്രഖ്യാപിച്ചതെന്നാണ് മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇരുവിഭാഗങ്ങളുമായി കൂടിയാലോചിച്ച് മൂന്ന് മാസത്തിനകം മിനിമം വേതനം പുതുക്കി നിശ്ചയിക്കാൻ കോടതി ഉത്തരവിട്ടത്.

Post a Comment

Previous Post Next Post