തിരുവമ്പാടി :
കടൽത്തിരകൾ അവരെ വരവേറ്റു , കാറ്റ് സംഗീതമൊരുക്കി. ഇരുപത്തിയഞ്ചോളം ഭിന്നശേഷി വിദ്യാർഥികൾ അതിലലിഞ്ഞു.
കഴിഞ്ഞ ദിവസം ഏറെ നേരം കോഴിക്കോട് ബീച്ചിന്റെ സൗന്ദര്യം ആസ്വദിച്ചും കോഴിക്കോട്ടെ ജനങ്ങളുടെ സ്നേഹം അടുത്തറിഞ്ഞുമാണ് അവർ മടങ്ങിയത്. അവർക്കായി വിനോദയാത്ര ഒരുക്കിയത് തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച് എസ് .
ഭിന്നശേഷിക്കാരായ 25 വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും ചേർത്തുപിടിച്ചായിരുന്നു ഏകദിന യാത്ര.
അവരിൽ പലരും ജീവിതത്തിൽ ആദ്യമായി കടൽ കാണുന്നവരായിരുന്നു. കുട്ടികളിൽ പലരും ആദ്യമായിട്ടായിരുന്നു ഇതുപോലൊരു യാത്ര പോകുന്നത്.
കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ വേണ്ടി പുറത്തിറങ്ങുക പോലും ചെയ്യാതെ വീട്ടിൽ ഒതുങ്ങി കഴിയുന്ന അമ്മമാരിൽ ചിലരും വർഷങ്ങൾക്കു ശേഷമാണ് പുറത്തിറങ്ങുന്നത്.
അവർക്കൊപ്പം യാത്ര നയിക്കാൻ ഉജ്വല ബാല്യം പുരസ്കാര ജേതാവും ഭിന്നശേഷിക്കാരനുമായ അസിം വെളിമണ്ണയും കൂടി ചേർന്നതോടെ ആവേശം ഇരട്ടിയായി.
ഖത്തർ ലോകകപ്പ് കണ്ടു മടങ്ങിയെത്തിയ അസിം അവിടെ മെസ്സിയെയും എംബപ്പെയും ഒക്കെ നേരിട്ടു കണ്ടതിന്റെ അനുഭവങ്ങൾ പങ്കുവച്ചു.
സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവച്ച അസിം അവർക്കു നൽകിയ സന്ദേശം ഇതായിരുന്നു–‘‘തളർന്നു പോകേണ്ടവരല്ല നമ്മൾ’’. ജീവിതത്തിൽ സ്വപ്നങ്ങൾ കാണാൻ നമുക്ക് സാധിക്കണം സ്വപ്നങ്ങൾക്കനുസരിച്ച് പറക്കാൻ നമുക്കാവും– അസിം പറഞ്ഞപ്പോൾ നിലയ്ക്കാത്ത കയ്യടി.
രാവിലെ 7.30 സ്കൂളിൽനിന്ന് ആരംഭിച്ച യാത്ര എട്ടരയോടെ കോഴിക്കോട് ബീച്ചിൽ എത്തി.
അസിമിനെയും സംഘത്തെയും കണ്ടതോടെ നാട്ടുകാരും ഒപ്പം കൂടി, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത്.
കോഴിക്കോട്ടുകാരുടെ കരുതലിന്റെ സ്നേഹഭാഷ കൂടി അവർ അടുത്തറിഞ്ഞു.
ശേഷം പ്ലാനറ്റേറിയം സന്ദർശനവുമുണ്ടായിരുന്നു. അവിടെ ത്രിഡി ഷോ, ആകാശകാഴ്ചകൾ എല്ലാം കണ്ടതോടെ അവരുടെ മനസ്സു ,കണ്ണും നിറഞ്ഞു .
രാവിലെയും ഉച്ചയ്ക്കും ഭക്ഷണവും ഒരുക്കിയിരുന്നു.
സുമനസ്സുകളുടെ സഹായഹസ്തങ്ങൾക്ക് പുറമെ പുസ്തകവണ്ടി പ്രയാണം, കുട്ടികൾ നിർമിച്ച ഉത്പന്നങ്ങളുടെ വിൽപന, സ്ക്വാഷ് നിർമിച്ച് വിൽപന എന്നിവയിലൂടെ കണ്ടെത്തിയ ഫണ്ട് ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ യാത്ര. യാത്രയ്ക്ക് ലിറ്റി സെബാസ്റ്റ്യൻ,
ടിയാര സൈമൺ, സ്പെഷ്യൽ എഡ്യുക്കേറ്റർ സി. ലിനറ്റ്, അമല വർഗ്ഗീസ്,ഗ്ലാഡി സിറിൽ എന്നിവർ നേതൃത്വം നൽകി.
Post a Comment