മലപ്പുറം: സാംസ്‌കാരിക വകുപ്പിന് കീഴിൽ കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിയുടെ ജനറൽ കൗൺസിൽ, നിർവാഹക സമിതി എന്നിവ പുനഃസംഘടിപ്പിച്ചു. ചെയർമാനായി ഡോ. ഹുസൈൻ രണ്ടത്താണി തുടരും. മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിന് പകരം ബഷീർ ചുങ്കത്തറ പുതിയ സെക്രട്ടറിയായി സ്ഥാനമേൽക്കും.
മലപ്പുറം ജില്ലയിലെ ചുങ്കത്തറ സ്വദേശിയാണ്. കേന്ദ്രസർക്കാറിന്റെ ടെലികോം വകുപ്പിൽ 17 വർഷവും കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ 16 വർഷവും സേവനം പൂർത്തിയാക്കി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ചു. നിലവിൽ മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിയുടെ നിർവാഹകസമിതി അംഗവും പുരോഗമന കലാസാഹിത്യസംഘത്തിന്റെ മധ്യമേഖലാ സെക്രട്ടറിയുമാണ്. 'ഇശൽ ചക്രവർത്തി മോയിൻകുട്ടി വൈദ്യർ എന്ന കൃതിക്ക് അബുദാബി ശക്തി അവാർഡും, ''ധീരപാദുകം'' എന്ന കവിതയ്ക്ക് കേരള പുരോഗമന വേദി (പയ്യന്നൂർ) യുടെ പി കുഞ്ഞിരാമൻ നായർ അവാർഡും ലഭിച്ചിട്ടുണ്ട്. നോവൽ, കവിത, കഥകൾ, പഠനം ലേഖനങ്ങൾ, ബാലസാഹിത്യം എന്നിവയിൽ കൃതികൾ പ്രസിദ്ധീകരിക്കിട്ടുണ്ട്. പുലിക്കോട്ടിൽ ഹൈദരാലിയാണ് വൈസ് ചെയർമാൻ, ഫൈസൽ എളേറ്റിൽ ജോ. സെക്രട്ടറി, കൊണ്ടോട്ടി തഹസിൽ ദാർ(ട്രഷറർ). എം.പി അബ്ദുൾ സമദ് സമദാനി എം.പി, ടി.വി ഇബ്രാഹീം എം.എൽ.എ, കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹറാബി,ഫോക്ക്ലോർ അക്കാദമി സെക്രട്ടറി,സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ,സാംസ്‌കാരിക വകുപ്പ് സെക്രട്ടറി എന്നിവർ ജനറൽ കൗൺസിലിൽ ഉൾപ്പെട്ടു. അംഗങ്ങളായി മുൻ ചെയർമാൻ ടി.കെ ഹംസ, കെ.വി അബൂട്ടി, ആലങ്കോട് ലീലാകൃഷ്ണൻ, സി.എച്ച് മോഹനൻ, പി.കെ ഖലീമുദ്ദീൻ, എൻ. പ്രമോദ് ദാസ്, മുരളി കോട്ടക്കൽ, റസാഖ് പായമ്പ്രാട്ട്, രാഘവൻ മാടമ്പത്ത്,പക്കർ പന്നൂർ,ബാപ്പുവാവാട്, ഡോ: പി.പി. അബ്ദുൾ റസാഖ്,പി. അബ്ദുറഹിമാൻ, ഫിറോസ് ബാബു,ഒ.പി മുസ്തഫ, വി.നിഷാദ്, എം.അജയകുമാർ, സലീന സലിം എന്നിവരെ തെരെഞ്ഞെടുത്തു.

Post a Comment

Previous Post Next Post