മൈലാഞ്ചി മൊഞ്ചും നുണക്കുഴിച്ചിരിയുമായി വേദിയിൽ എത്തുന്ന മണവാട്ടി. ഇമ്പത്തിൽ പാട്ടു പാടിയും പാട്ടിനൊത്ത് താളത്തിൽ കൈ കൊട്ടിയും സഖിമാർ. ഒപ്പനപ്പാട്ടിന്റെ ഇശല്‍ മഴയില്‍ കലോത്സവ വേദിയിൽ മൊഞ്ചത്തിമാര്‍ നിറഞ്ഞാടി. നാരിമാരുടെ വാഴ്ത്തിപ്പാട്ടും മണവാട്ടിയുടെ നാണച്ചിരിയും ചന്തത്തിലുള്ള ചുവടുകളും കൂടിയായപ്പോൾ സംഗതി ജോറായി.



സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനം പ്രധാന വേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിലാണ് ഒപ്പന മത്സരം അരങ്ങേറിയത്. മലബാറിന്റെ തനതു മാപ്പിള കലാരൂപമായ ഒപ്പന കാണാൻ ആയിരങ്ങളാണ് വേദിയിലേക്ക് ഒഴുകിയെത്തിയത്. വെള്ള പെങ്കുപ്പായവും കാച്ചിമുണ്ടുമുടുത്തു പരമ്പരാഗത വേഷത്തിൽ നാരിമാരെത്തി. വളക്കിലുക്കവും മെയ്താളവും ചേർന്നപ്പോൾ ഒപ്പന കാണാൻ എത്തിയവരുടെ ഖൽബ് നിറഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന ഒപ്പനയുമായി 14 ടീമുകൾ അണിനിരന്നു. 12 അപ്പീലുകളും ഇക്കുറിയുണ്ട്. രണ്ടു മണിക്ക് ശേഷം ആരംഭിച്ച ഒപ്പന മത്സരം രാത്രി എട്ടര വരെ നീണ്ടു.

Post a Comment

Previous Post Next Post