തിരുവനന്തപുരം: സാമ്പത്തിക ബാധ്യത വർധിക്കുന്നതിനാൽ വിദ്യാർഥി കൺസഷനിൽ കർശന നിർദേശങ്ങളുമായി കെ.എസ്.ആർ.ടി.സി. ആദായനികുതി നല്കുന്ന രക്ഷാകർത്താക്കളുടെ കുട്ടികള്‍ക്ക് യാത്രാ ഇളവ് നൽകേണ്ടെന്നും 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാർഥികള്‍ക്ക് കണ്സഷൻ നൽകേണ്ടെന്നുമാണ് തീരുമാനം. സ്വകാര്യ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും യാത്രാസൗജന്യമുണ്ടാകില്ല. എന്നാൽ, ബി.പി.എല്‍ പരിധിയില്‍വരുന്ന കുട്ടികള്‍ക്ക് സൗജന്യ നിരക്കിൽ യാത്ര ഒരുക്കും.
2016 മുതല്‍ 2020 വരെ 966.31 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജുപ്രഭാകറിന്റെ നിർദേശം.
ഈ സാമ്പത്തിക ബാധ്യത സർക്കാർ വഹിക്കണമെന്നാവശ്യപ്പെട്ട് സർക്കാറിന് കത്തും നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ വ്യാപകമായി അനുവദിക്കുന്ന ഇളവുകൾ തുടരാൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും വ്യക്തമാക്കുന്നു. ഒന്നിന് ചേരുന്ന കെ.എസ്.ആർ.ടി.സി ബോർഡ് യോഗം നിർദേശങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കും.
മറ്റ് നിർദേശങ്ങൾ
പെൻഷൻകാരായ പഠിതാക്കൾ, പ്രായപരിധി ബാധകമല്ലാത്ത റെഗുലർ കോഴ്സ് പഠിക്കുന്നവർ തുടങ്ങിയവർക്ക് കൺസഷൻ ആനുകൂല്യം നൽകേണ്ട
സെൽഫ് ഫിനാൻസിങ് കോളജുകൾ, സ്വകാര്യ അൺ എയ്ഡഡ്, റെക്കഗനൈസ്ഡ് സ്കൂളുകൾ എന്നിവ യഥാർഥ ടിക്കറ്റ് നിരക്കിന്റെ 35 ശതമാനം തുക വിദ്യാർഥിയും 35 ശതമാനം തുക മാനേജ്മെൻറും ഒടുക്കണം.
ഈ വിദ്യാർഥികൾക്ക് യാത്രാ നിരക്കിന്റെ 30 ശതമാനം ഡിസ്കൗണ്ടിൽ കൺസഷൻ കാർഡ് അനുവദിക്കാം. (നിരക്ക് സംബന്ധിച്ച ചാർട്ട് പ്രത്യേകമായി നൽകും)
സെൽഫ് ഫിനാൻസ് കോളജുകളിലെയും സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിലെയും ബി.പി.എൽ പരിധിയിൽ വരുന്ന മുഴുവൻ കുട്ടികൾക്കും സൗജന്യ നിരക്കിൽ കൺസഷൻ അനുവദിക്കാം
സർക്കാർ, അർധ സർക്കാർ കോളജുകൾ, പ്രഫഷനൽ കോളജുകൾ എന്നിവിടങ്ങളിലെ ഇൻകം ടാക്സ്, ഐ.ടി.സി (ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്, ജി.എസ്.ടി) എന്നിവ നൽകുന്ന മാതാപിതാക്കളുടെ കുട്ടികൾ ഒഴികെയുള്ള മുഴുവൻ വിദ്യാർഥികൾക്കും കൺസഷൻ അനുവദിക്കാം.
സർക്കാർ, അർധ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾ, സ്പെഷൽ സ്കൂളുകൾ, സ്പെഷലി ഏബിൾഡ് വിദ്യാർഥികൾക്ക് തൊഴിൽ വൈദഗ്ധ്യം നൽകുന്ന കേന്ദ്രങ്ങൾ എന്നിവയിലെ വിദ്യാർഥി കൺസഷൻ നിലവിലെ രീതിയിൽ തുടരും.
Post a Comment