ഗ്ലോബല്‍ മീഡിയ ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

വികസ്വര രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു പുത്തന്‍ അന്താരാഷ്ട്ര മാധ്യമക്രമം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി. 

മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ 175-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയും ന്യൂസ് ലോണ്‍ഡ്രി, ന്യൂസ് മിനുട്ട്, കോണ്‍ഫ്‌ളൂവന്‍സ് മീഡിയ എന്നീ മാധ്യമസ്ഥാപനങ്ങളും കേരള പത്രപ്രവര്‍ത്തക യൂണിയനും സഹകരിച്ച് സംഘടിപ്പിക്കുന്ന ആഗോള മാധ്യമോത്സവമായ ഗ്ലോബല്‍ മീഡിയ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മലയാള മാധ്യമപ്രവര്‍ത്തനം ആരംഭിച്ചിട്ട് 175 വര്‍ഷമാകുന്നത് ഓര്‍മ്മിപ്പിക്കും വിധം 175 ദിവസം നീണ്ടുനില്‍ക്കുന്ന മാധ്യമോത്സവം നടക്കുന്നത് അങ്ങേയറ്റം ഔചിത്യ പൂര്‍ണ്ണമായ കാര്യമാണ്. 
ഗ്ലോബല്‍ സൗത്ത് എന്ന പേരില്‍ തന്നെ തമസ്‌കരിക്കപ്പെടുന്ന വികസ്വര രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ ആഘോഷത്തിന്റെ സന്ദേശമുണ്ട്.

 സാമ്രാജ്യത്വത്തിനും മൂലധനാധിഷ്ഠിതമായ മാധ്യമാധിപത്യത്തിനും എതിരായ ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയ സ്വരൂപം ആ ശീര്‍ഷകത്തിലുണ്ട്. മാധ്യമപ്രവര്‍ത്തനം സാമ്രാജ്യത്വ കേന്ദ്രീകൃതമാകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഈ ഘട്ടത്തില്‍ ബലി കഴിക്കപ്പെടുന്നത് വികസ്വര രാജ്യങ്ങളുടെ താല്പര്യമാണ്.

 ആ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതിന് ഒരു പുത്തന്‍ അന്താരാഷ്ട്ര വാര്‍ത്താക്രമം (ഇന്റര്‍നാഷണല്‍ ഇന്‍ഫോര്‍മേഷന്‍ ഓര്‍ഡര്‍) ഉണ്ടാകണം. 

അത്തരമൊരു മാധ്യമ സംസ്‌കാരം രൂപപ്പെട്ടു വന്നാല്‍ മാത്രമേ വികസ്വര രാജ്യങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്പര്യങ്ങള്‍ പരിരക്ഷിക്കാനാവുകയുള്ളൂ. ഇവിടെയാണ് ഈ സമ്മേളനത്തിന്റെ പ്രാധാന്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെമ്പാടും വാര്‍ത്തയെത്തിക്കുന്ന ഏജന്‍സികളാകെ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ളവയാണ്. സഹോദര സ്ഥാപനങ്ങളായി പടക്കോപ്പ് നിര്‍മ്മാണ ശാലകളും ഒരേസമയം നടത്തുന്നവര്‍ ഇതിലുണ്ട്.

 ഒരു വശത്ത് വാര്‍ത്തകളിലൂടെ പല രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയാണ്. മറുവശത്ത് ഇരുകൂട്ടര്‍ക്കും ഒരുപോലെ പടക്കോപ്പ് ലഭ്യമാക്കുകയാണ്.
ഇത്തരം ദൂഷിത താല്‍പര്യങ്ങളാണ് ഇവയില്‍ പലതിനെയും നയിക്കുന്നത്. ഇതിന്റെ ഇരയാകുകയാണ് പല വികസ്വര രാഷ്ട്രങ്ങളും.

 ഗ്ലോബല്‍ സൗത്ത് എന്ന ആശയത്തിനും അത് മുന്‍നിര്‍ത്തിയുള്ള ആഘോഷത്തിനും വലിയതോതിലുള്ള രാഷ്ട്രീയ പ്രസക്തിയാണുള്ളത്. 

ഇതിലൂടെ സാമ്രാജ്യത്വ താത്പര്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നമ്മുടെ ഭാഷകളെയും മാധ്യമങ്ങളെയും സംസ്‌കാരങ്ങളെയും ആഘോഷിക്കുകയാണ് നാം ചെയ്യുന്നത്. ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലേയുമടക്കമുള്ള മാധ്യമ സംസ്‌കാരങ്ങളെ ലോകസമക്ഷം ഉയര്‍ത്തിക്കാട്ടുകയാണ് ഇതിലൂടെ ചെയ്യുന്നത്.

 ഒഴുക്കിനെതിരേ നീങ്ങുന്ന മാധ്യമ പ്രവര്‍ത്തനം ഭീഷണി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم