കൊടുവള്ളി: പടനിലം പാലം നിർമ്മാണത്തിനും സ്ഥലം ഏറ്റെടുപ്പിനുമായി 7.16 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഡോ: എം. കെ മുനീർ എം. എൽ. എ യെ അറിയിച്ചു.
അറുപത് വര്‍ഷത്തോളം പഴക്കമുള്ള പടനിലത്തെ ഇടുങ്ങിയ പാലം പുതുക്കി പണിയാണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് വിരാമമാവുകയാണ്. പടനിലം നരിക്കുനി റോഡിന്റെ നവീകരണം പൂർത്തിയായെങ്കിലും പാലത്തിന്റെ വീതി കുറവ് കാരണം ഗതാഗത കുരുക്ക് അതി രൂക്ഷമായിരുന്നു. 2011 ൽ പാലം നിർമ്മിക്കാൻ 5.5 കോടിയുടെയും സ്ഥലം ഏറ്റെടുക്കാൻ 55 ലക്ഷം രൂപയും അനുവദിച്ചുവെങ്കിലും സ്ഥലം ഏറ്റെടുപ്പ് വൈകിയതിനാൽ പ്രവർത്തി ടെൻഡർ ചെയ്യാൻ സാധിച്ചിരുന്നില്ല.
ഡോ: എംകെ മുനീർ എം. എൽ. എ ആയതിനു ശേഷം ഭൂവുടമകളുമായി സംസാരിച്ചു സ്ഥലം ഏറ്റെടുപ്പിനുള്ള പ്രതിസന്ധികൾ നീക്കിയിരുന്നു. സ്ഥലം ഏറ്റെടുക്കാനുള്ള പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചുവെങ്കിലും ഭരണാനുമതി വീണ്ടും അനിശ്ചിതമായി തുടരുകയായിരുന്നു.എം കെ മുനീർ എംഎൽഎയുടെ നേതൃത്വത്തിൽ ധനകാര്യ പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരെ നേരിൽകണ്ടാണ് ഭരണാനുമതി ലഭ്യമാക്കാനുള്ള തടസ്സങ്ങൾ നീക്കിയത്. പുതിയ പാലത്തിന് 79 മീറ്റർ നീളത്തിലും 1.5 മീറ്റർ വീതിയിൽ ഫുട്പത്തും ആണ് നിർമിക്കുക. പടനിലം ഭാഗത്ത് 180 മീറ്റർ നീളത്തിലും ആരാമ്പ്രം ഭാഗത്ത് 80 മീറ്റർ നീളത്തിലും അപ്രോച് റോഡ് ഇതോടൊപ്പം നിർമ്മിക്കും.
സ്ഥലം ഏറ്റെടുപ്പിനുള്ള പ്രവർത്തികൾ എത്രയും വേഗം പൂർത്തീകരിക്കുമെന്നും സാങ്കേതിക അനുമതി നേടി ടെണ്ടർ ചെയ്യാനുള്ള നടപടികൾ കൈകൊള്ളുമെന്നും എം. എൽ. എ അറിയിച്ചു
Post a Comment