മലപ്പുറം : ദുബായില്‍ തീപ്പിടിത്തത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളം വഴി വേങ്ങരയിലെ വീട്ടില്‍ എത്തിച്ചു. 

 ദുബായിലെ  ദേരയില്‍ കഴിഞ്ഞ ദിവസം തീപ്പിടിത്തത്തില്‍ മരിച്ച പ്രവാസി ദമ്പതികളായ മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരുടെ മൃതദേഹമാണ്  ഇന്ന് രാവിലെ വീട്ടിലെത്തിച്ചത്. ശനിയാഴ്ച ഉച്ചയോടെ ദേര ഫിര്‍ജ് മുറാറിലെ തലാല്‍ ബില്‍ഡിംഗിലാണ് തീപിടിച്ചത്. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിന്റെ നാലാം നിലയില്‍ തീ പടരുകയായിരുന്നു. റിജേഷും ഭാര്യയും താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലാണ് തീ പിടിച്ചത്. ഇവിടെ നിന്നുള്ള പുക ശ്വസിച്ചതാണ് റിജേഷും ജിഷിയും മരിച്ചത്.  ദുബായിലെ ഡ്രീംലൈന്‍ ട്രാവല്‍സ് ആന്‍ഡ് ടൂറിസം സ്ഥാപനത്തിലാണ് റിജേഷ് ജോലി ചെയ്തിരുന്നത്. ഖിസൈസിലെ ക്രസന്റ് സ്‌കൂള്‍ അധ്യാപികയാണ് ജിഷി. തീപ്പിടിത്തത്തില്‍ 16 പേരാണ് മരിച്ചത്. ഇവരില്‍ മലപ്പുറത്തെ ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേര്‍ ഇന്ത്യക്കാരാണ്. മലയാളികളായ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏരിയയാണ് ദുബായ് ദേരയില്‍പ്പെടുന്ന ഫ്രിജ് മുറാറും അല്‍ റാസ് ഏരിയയും. സാധാരണക്കാരായ പ്രവാസികളാണ് ഇവിടെ കൂടുതലും. നായിഫിലും മറ്റും വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരും അവിടങ്ങളില്‍ ജോലി ചെയ്യുന്നവരുമായ വലിയൊരു വിഭാഗം ഇവിടെ ബാച്വലര്‍ ഫ്‌ളാറ്റുകളിലും കുടുംബങ്ങളായും താമസിക്കുന്നുണ്ട്. 

Post a Comment

أحدث أقدم