ഓമശ്ശേരി: എട്ടാം വാർഡിലെ അമ്പലക്കണ്ടിക്കും നാഗാളികാവിനും ഇടയിലുള്ള കുമ്പളോട്ട്‌ നടയിൽ കോഴിയുടെ അറവ്‌ മാലിന്യം തള്ളുന്നത്‌ പതിവാകുന്നു.രാത്രിയിൽ ഇരുട്ടിന്റെ മറവിലാണ്‌ മാലിന്യം കവറിലാക്കി വയലിനോട്‌ ചേർന്ന ഭാഗത്ത്‌ വലിച്ചെറിയുന്നത്‌.മിക്ക ദിവസങ്ങളിലും ഇത്‌ ആവർത്തിക്കുന്നത്‌ ജനങ്ങളെ ഏറെ ദുരിതത്തിലാക്കുകയാണ്‌.

തെരുവ്‌ നായകളുടെ ശല്യവും രൂക്ഷമായ ദുർഗന്ധവും കാരണം വഴി യാത്രക്കാരും പ്രദേശ വാസികളും വലിയ പ്രയാസമാണനുഭവിക്കുന്നത്‌.ഈ പ്രദേശത്ത്‌ തെരുവ്‌ നായകൾ 
വർദ്ധിച്ചു വരുന്നതിന്‌ ഇത്തരം മാലിന്യങ്ങളാണ്‌ കാരണമാകുന്നതെന്ന് പരിസര വാസികൾ ചൂണ്ടിക്കാട്ടുന്നു.ഇവിടെ തെരുവ്‌ നായകളുടെ ആധിക്യം ജനങ്ങളുടെ ജീവന്‌ തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്‌.പുലർച്ചെയും രാത്രിയിലും മദ്‌റസയിൽ പോകുന്ന വിദ്യാർത്ഥികളും ഇത്‌ വഴി പോകുന്ന കാൽനട യാത്രക്കാരും ഇരു ചക്ര വാഹനങ്ങളും തെരുവ്‌ നായകളുടെ ശല്യം കാരണം ഏറെ ദുരിതമനുഭവിക്കുന്നുണ്ട്‌.കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു യുവതി നായകളുടെ അക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ്‌ രക്ഷപ്പെട്ടത്‌.

മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർക്ക്‌ നിർദേശം നൽകിയതായി വാർഡ്‌ മെമ്പറും പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അദ്ധ്യക്ഷനുമായ യൂനുസ്‌ അമ്പലക്കണ്ടി പറഞ്ഞു.ആദ്യ ഘട്ടമായി പരിസര പ്രദേശങ്ങളിലെ കോഴിക്കടകളിൽ അധികൃതർ  പരിശോധന നടത്തും.മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ വലിച്ചെറിയുന്നത്‌ കടുത്ത നിയമലംഘനമാണെന്നും കുറ്റക്കാരെ കണ്ടെത്തി കനത്ത പിഴയും ശിക്ഷയും നൽകുമെന്നും അധികൃതർ മുന്നറിയിപ്പ്‌ നൽകി.

ഫോട്ടോ:അമ്പലക്കണ്ടി കുമ്പളോട്ട്‌ നടയിൽ കോഴിയുടെ അറവ്‌ മാലിന്യം തള്ളിയ നിലയിൽ.

Post a Comment

أحدث أقدم