ഓമശ്ശേരി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങളിൽ ഓമശ്ശേരിയോട് കെ.എസ്.ടി.പിയും നിർമ്മാണ കമ്പനിയായ ശ്രീധന്യയും കാണിക്കുന്ന കടുത്ത അവഗണനക്കെതിരെ നിർമ്മാണ കമ്പനിയുടെ മുക്കത്തെ സൈറ്റ് ഓഫീസിനു മുന്നിൽ ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതിയിലെ ജനപ്രതിനിധികളുടെ ഉപരോധ സമരത്തിൽ പ്രതിഷേധമിരമ്പി.
കക്ഷി-രാഷ്ട്രീയ ഭേദമന്യേ പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും ഉപരോധ സമരത്തിൽ പങ്കെടുത്തു.പറഞ്ഞ വാക്കുകൾ പാലിക്കാതെയും ജനങ്ങളെ ദുരിതത്തിലാക്കുന്ന വിധത്തിൽ നിർമ്മാണ പ്രവർത്തികൾ അശാസ്ത്രീയമായി നടത്തിയും കെ.എസ്.ടി.പിയും നിർമ്മാണ കമ്പനിയും നാട്ടുകാരെ വെല്ലു വിളിക്കുകയാണെന്ന് ജനപ്രതിനിധികൾ ആരോപിച്ചു.
ഓമശ്ശേരി ടൗണിൽ പോലും വേണ്ടവിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്നും താഴെ ഓമശ്ശേരി,മങ്ങാട്,മുടൂർ,കൂടത്തായി ഭാഗങ്ങളിലൊക്കെ ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുകയാണെന്നും ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗങ്ങളിലെടുക്കുന്ന തീരുമാനങ്ങൾ പോലും ലംഘിക്കപ്പെടുകയാണെന്നും ഇത് ധിക്കാരമാണെന്നും നീതീകരിക്കാനാവില്ലെന്നും ജനപ്രതിനിധികൾ പറഞ്ഞു.
എടവണ്ണ-കൊയിയാണ്ടി സംസ്ഥാന പാതയോരത്ത് നിന്നും പ്രകടനമായി നീങ്ങിയ ജനപ്രതിനികളെ നിർമ്മാണ കമ്പനിയുടെ ഓഫീസിനു മുന്നിലെ കവാടത്തിൽ വെച്ച് മുക്കം എസ്.ഐ.ജിതേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.മുൻ കൂട്ടി അറിയിച്ചിട്ടും നിർമ്മാണ കമ്പനിയുടെയും മറ്റും ഉത്തരവാദപ്പെട്ടവർ സ്ഥലത്തില്ലാത്തത് കടുത്ത വാക്കേറ്റത്തിനിടയാക്കി.ഓഫീസ് കവാടത്തിൽ കുത്തിയിരുന്ന ജനപ്രതിനിധികൾ കെ.എസ്.ടി.പി.യുടേയും ശ്രീധന്യയുടേയും ബന്ധപ്പെട്ടവരെത്തി പ്രശ്ന പരിഹാരം ഉറപ്പ് നൽകിയാൽ മാത്രമേ സമരമവസാനിപ്പിക്കൂവെന്ന് പ്രഖ്യാപിച്ചു.പത്ത് മിനിറ്റുനുള്ളിലെത്തിയ അധികൃതരെ ജനപ്രതിനിധികൾ തടഞ്ഞു.പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.തുടർന്ന് അധികൃതരുമായി ഭരണസമിതി നേതൃത്വം നടത്തിയ ചർച്ചയിൽ ഈ മാസം 21 ന് (ബുധൻ) കെ.എസ്.ടി.പിയുടേയും ശ്രീധന്യ കമ്പനിയുടേയും ഉന്നതർ ഓമശ്ശേരിയിലെത്തുമെന്നും പരാതിയുള്ള ഇടങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നുമുള്ള ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉപരോധ സമരം ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർന്മാൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,അംഗങ്ങളായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,എം.എം.രാധാമണി ടീച്ചർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,പി.ഇബ്രാഹീം ഹാജി,സീനത്ത് തട്ടാഞ്ചേരി,കെ.ആനന്ദകൃഷ്ണൻ,എം.ഷീല,ഡി.ഉഷാദേവി ടീച്ചർ എന്നിവർ സംസാരിച്ചു.ചർച്ചയിൽ കെ.എസ്.ടി.പിയെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജിഷ് കുമാരി,സോഷ്യോളജിസ്റ്റ് കെ.ജിജി,ഡിവിഷണൽ അക്കൗണ്ടന്റ് മിനി,ശ്രീധന്യ കമ്പനിയുടെ പ്രൊജക്റ്റ് മാനേജർ നരസിംഹൻ എന്നിവർ പങ്കെടുത്തു.
ഫോട്ടോ:എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാത നവീകരണത്തിൽ ഓമശ്ശേരിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഭരണസമിതി അംഗങ്ങൾ ശ്രീധന്യ നിർമ്മാണ കമ്പനിയുടെ ഓഫീസ് ഉപരോധിച്ചപ്പോൾ.
Post a Comment