മക്ക: മനമുരുകുന്ന പ്രാർഥനയോടെ തീർഥാടക ലക്ഷങ്ങൾ ഇന്ന് അറഫയിൽ സംഗമിക്കും. ഹജ്ജിന്റെ പരമപ്രധാന ചടങ്ങായ അറഫ സംഗമത്തിന് തുടക്കംകുറിച്ച് ലോകത്തിന്റെ അഷ്ടദിക്കുകളിൽനിന്നെത്തിയ അല്ലാഹുവിന്റെ അതിഥികൾ ഇവിടെ ഒരുമിച്ചുകൂടും. രാവും പകലും ഭക്തിയുടെ നിറവിൽ ഒഴുകിയെത്തുന്ന ശുഭ്രവസ്ത്രധാരികളുടെ സംഗമം അറഫയിൽ കൺകുളിർമയുള്ള കാഴ്ചയാവും. ആഭ്യന്തര, വിദേശ തീർഥാടകരടക്കം 20 ലക്ഷത്തിലേറെ പേർ ഇന്ന് അറഫയിൽ എത്തുന്നതോടെ ലോകത്തെ ഏറ്റവും വലിയ മനുഷ്യ മഹാസംഗമത്തിനാണ് മൈതാനം സാക്ഷിയാവുക.
വിശാലമായ അറഫ മൈതാനത്തെ നമിറ മസ്ജിദിൽ നടക്കുന്ന പ്രഭാഷണത്തോടെയാണ് സംഗമത്തിന് തുടക്കമാവുക. തിങ്കളാഴ്ച രാത്രിതന്നെ തീർഥാടക ലക്ഷങ്ങൾ അറഫ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. ചൊവ്വാഴ്ച മധ്യാഹ്നം മുതൽ സൂര്യാസ്തമയം വരെയാണ് അറഫയിൽ ഹാജിമാർ സംഗമിക്കുക. പ്രവാചകൻ മുഹമ്മദ് നബി അദ്ദേഹത്തിന്റെ ഹജ്ജ് വേളയിൽ നടത്തിയ ചരിത്രപ്രാധാന്യമുള്ള പ്രഭാഷണത്തെ അനുസ്മരിച്ച് മസ്ജിദുന്നമിറയിൽ മുതിർന്ന പണ്ഡിതസഭാംഗ ശൈഖ് ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ് അറഫ പ്രഭാഷണം നിർവഹിക്കും.
തുടർന്ന് ളുഹ്ർ, അസ്ർ നമസ്കാരങ്ങൾ ചുരുക്കി നമസ്കരിക്കും. വൈകീട്ടുവരെ പാപമോചന പ്രാർഥനകളും ദൈവസ്മരണയുമായി തീർഥാടകർ അറഫയിൽ നിൽക്കും. തിങ്കളാഴ്ച രാത്രിമുതൽ അറഫയിലേക്കുള്ള ഓരോ കൈവഴിയും ചെറുതും വലുതുമായ തീർഥാടക സംഘങ്ങളെക്കൊണ്ട് കവിഞ്ഞൊഴുകുകയാണ്. മക്കയിലെ ആശുപത്രികളിൽ കഴിയുന്ന വിവിധ ദേശക്കാരായ തീർഥാടകരെ, ഉച്ചയോടെ ആംബുലൻസ് വഴിയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചവരെ എയർ ആംബുലൻസ് വഴിയും അറഫയിൽ എത്തിക്കും.
Post a Comment