ഓമശ്ശേരി: മാലിന്യ മുക്തവും വലിച്ചെറിയൽ മുക്തവുമായ നാടിനായി ഓമശ്ശേരി പഞ്ചായത്തിൽ ഇന്ന് ഭരണസമിതി ആഹ്വാനം ചെയ്ത ജനകീയ ശുചിത്വ ഹർത്താൽ സമ്പൂർണ്ണം.മാലിന്യ മുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി രാവിലെ 10.30 മുതൽ 11 മണി വരെ അരമണിക്കൂർ നേരം പഞ്ചായത്ത്‌ പരിധിയിലെ കടകളും സ്ഥാപനങ്ങളും അടച്ചിട്ട്‌ ഉടമകളും ജീവനക്കാരും അങ്ങാടികൾ കേന്ദ്രീകരിച്ചുള്ള ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.ഹരിത കർമ്മ സേന,ടാക്സി ഡ്രൈവർമാർ,ചുമട്ടു തൊഴിലാളികൾ,തൊഴിലുറപ്പ്‌ തൊഴിലാളികൾ,കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരും പൊതു ജനങ്ങളും പരിപാടിയുടെ ഭാഗമായി.പഞ്ചായത്തിലെ വിവിധ സ്കൂളുകളുകളിലെ അധ്യാപകരും വിദ്യാർത്ഥികളും ശുചിത്വ ഹർത്താലിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.പഞ്ചായത്ത്‌ ഓഫീസിൽ ഫ്രണ്ട്‌ ഓഫീസ്‌ സേവനം മാത്രം നൽകി മുഴുവൻ ജീവനക്കാരും ജനപ്രതിനിധികളും അര മണിക്കൂർ ഹർത്താലിൽ സജീവ പങ്കാളിത്തം വഹിച്ചു.കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും ശുചീകരണത്തിന്‌ നേതൃത്വം നൽകി.ഹർത്താലിനോടനുബന്ധിച്ച്‌ ശേഖരിച്ച പ്ലാസ്റ്റിക്‌ ഉൾപ്പടെയുള്ള ഖരമാലിന്യങ്ങൾ ഇന്ന് തന്നെ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ സഹായ സംഘടനയായ 'ഗ്രീൻ വേംസി'ന്റെ സംസ്കരണ കേന്ദ്രത്തിലേക്ക്‌ മാറ്റി പഞ്ചായത്ത്‌ ഭരണസമിതി മാതൃക തീർത്തു.

ഓമശ്ശേരി ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ.എം.ഉണ്ണികൃഷ്ണൻ ശുചിത്വ സന്ദേശം നൽകി.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതവും പഞ്ചായത്ത്‌ സെക്രട്ടറി ദീപുരാജു നന്ദിയും പറഞ്ഞു.പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,പി.കെ.ഗംഗാധരൻ,കെ.ആനന്ദകൃഷ്ണൻ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,പി.ഇബ്രാഹീം ഹാജി,വിവിധ സംഘടനാ പ്രതിനിധികളായ എ.കെ.അബ്ദുല്ല,ഒ.കെ.നാരായണൻ,ആർ.എം.അനീസ്‌ നാഗാളികാവ്‌ എന്നിവർ സംസാരിച്ചു.

മാലിന്യ മുക്ത കാമ്പയിനോടനുബന്ധിച്ച്‌ വിവിധങ്ങളായ പ്രവർത്തനങ്ങളാണ്‌ ഓമശ്ശേരി പഞ്ചായത്തിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്‌.കാല വർഷം തുടങ്ങും മുമ്പ്‌ പഞ്ചായത്തിനെ മാലിന്യ മുകതവും വലിച്ചെറിയൽ മുക്തവുമായി പ്രഖ്യാപിക്കാനാണ്‌ തീരുമാനം.കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ 'ഒരു ദിനം;ഒരു വാർഡ്‌' ജനകീയ മുന്നേറ്റം പരിപാടി വാർഡുകൾ കേന്ദ്രീകരിച്ച്‌ പുരോഗമിച്ച്‌ വരുന്നു.ബൊക്കാഷി ബക്കറ്റുകൾ,റിംഗ്‌ കമ്പോസ്റ്റുകൾ തുടങ്ങിയവ വിതരണം ചെയ്ത്‌ ജൈവ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള തീവ്രശ്രമങ്ങളാണ്‌ നടക്കുന്നത്‌.അജൈവ മാലിന്യങ്ങൾ വാതിൽപ്പടി ശേഖരണത്തിലൂടെ ഹരിതകർമ്മ സേനക്ക്‌ കൈമാറുന്ന പദ്ധതി ഊർജ്ജിതമായി നടക്കുന്നുണ്ട്‌.കൈത്തോടുകളും ഓവുചാലുകളും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നു വരുന്നു.പഞ്ചായത്തിൽ പുതുതായി നിയമിതനായ ഹെൽത്ത്‌ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാത്തവരേയും ഹരിത കർമ്മ സേനക്ക്‌ കൈമാറാത്തവരേയും അലക്ഷ്യമായി വലിച്ചെറിയുന്നവരേയും കത്തിക്കുന്നവരേയും കണ്ടെത്തി കർശന നടപടികളാണ്‌ സ്വീകരിച്ച്‌ വരുന്നത്‌.

ഫോട്ടോ:ഓമശ്ശേരി പഞ്ചായത്തോഫീസ്‌ പരിസരത്ത്‌ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശുചിത്വ ഹർത്താലിനോടനുബന്ധിച്ച്‌ നടന്ന ജനകീയ ശുചിത്വ പ്രതിജ്ഞ.

Post a Comment

Previous Post Next Post