തിരുവല്ല: കുടുംബക്കോടതിയില്‍ കേസിന്റെ വാദത്തിനിടെ പ്രകോപനപരമായി പെരുമാറിയ 53 കാരൻ പുറത്തിറങ്ങി ജഡ്ജിയുടെ ഔദ്യോഗികവാഹനം തല്ലിത്തകര്‍ത്തു.
മലപ്പുറം തേഞ്ഞിപ്പലം കടയ്ക്കാട്ടുപാറ അമൃത് സാഗറില്‍ ഇ.പി. ജയപ്രകാശ് (53) ആണ് തിരുവല്ല കുടുംബക്കോടതി ജഡ്ജി ജി.ആര്‍. ബില്‍കുലിന്റെ കാർ തകര്‍ത്തത്.

രോഷാകുലനായി കോടതിയില്‍നിന്ന് പുറത്തുവന്ന ജയപ്രകാശ് സമീപത്തെ കടയില്‍നിന്നു മണ്‍വെട്ടി വാങ്ങിവന്നാണ് കാര്‍ തകര്‍ത്തത്. ചില്ലുകള്‍ മുഴുവന്‍ തകര്‍ത്തു. കെട്ടിടത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നവര്‍ തടഞ്ഞു.

അടൂര്‍ കടമ്പനാട് സ്വദേശിനിയായ ഭാര്യയാണ്  കുടുംബത്തര്‍ക്കങ്ങളെത്തുടര്‍ന്ന് സംരക്ഷണച്ചെലവ് കിട്ടാനായി ഹരജി ഫയൽ ചെയ്തിരുന്നത്. ജയപ്രകാശ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിവാങ്ങി തിരുവല്ലയിലെ കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു.
ഫെബ്രുവരി 21-നാണ് തിരുവല്ലയില്‍ കേസിന്റെ നടപടികള്‍ തുടങ്ങിയത്. ജയപ്രകാശ് തന്നെയാണ് കേസ് വാദിച്ചത്.  ഭാര്യയ്ക്കും മകള്‍ക്കും സംരക്ഷണച്ചെലവ് അനുവദിച്ച് കോടതി ജൂണ്‍ എട്ടിന് ഇടക്കാല ഉത്തരവിട്ടിരുന്നു.

 ഇത് റദ്ദാക്കണമെന്ന ജയപ്രകാശിന്റെ ആവശ്യത്തിൽ അന്തിമവാദം നടക്കുന്നതിനിടെയാണ്  മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന ഇയാൾ കോടതിയിൽ രോഷാകുലനായത്.

Post a Comment

Previous Post Next Post