ന്യൂഡല്‍ഹി: മണിപ്പൂരില്‍ ബിജെപിയുടെ തനി നിറം പുറത്ത് വന്നതോടെ ക്രിസ്ത്യന്‍ സഭകളുമായുള്ള മധുവിധു അവസാനിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. അതില്‍ അത്ഭുതപ്പെടാനില്ലെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. 
മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ബിജെപിക്കെതിരായ കത്തോലിക്കസഭകളുടെ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെയാണ് ട്വീറ്റ്. ബിജെപിയുടെ നിസംഗത മണിപ്പൂരിന്റെ അതിര്‍ത്തിക്കുള്ളില്‍ മാത്രമല്ല, പുറത്തേക്കും വ്യാപിച്ചെന്നും ജയറാം രമേശ് ട്വീറ്ററില്‍ കുറിച്ചു.

മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യയാണെന്ന് കഴിഞ്ഞ ദിവസം ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടിരുന്നു. കലാപം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നും ക്രൈസ്തവ പള്ളികള്‍ ലക്ഷ്യമിട്ടാണ് കലാപം പടര്‍ന്നത് എന്നും പാപ്ലാനി പറഞ്ഞിരുന്നു. ഇക്കാര്യം ഉള്‍പ്പടെ പരാമര്‍ശിക്കുന്ന വാര്‍ത്തയും ജയറാം രമേശ് പങ്കുവെച്ചു.

 റബ്ബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബിജെപി സഹായിക്കാമെന്ന് നേരത്തെ പറഞ്ഞ പാംപ്ലാനിയുടെ പുതിയ നിലപാട് ബിജെപിയെ തിരിഞ്ഞുകൊത്തിയെന്നാണ് വിലയിരുത്തല്‍.

മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തിനെതിരെ കെസിബിസിയും രംഗത്ത് വന്നിരുന്നു. അക്രമം തടയുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്നും മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നായിരുന്നു കെസിബിസി പ്രതികരിച്ചത്. ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെങ്കില്‍ ഒരു വിഭാഗം മാത്രം അക്രമിക്കപ്പെടില്ല. മുന്‍കൂട്ടി നിശ്ചയിച്ച അജണ്ടയുടെ ഭാഗമായി നിക്ഷിപ്ത താല്‍പര്യക്കാര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കെസിബിസി പറഞ്ഞിരുന്നു.

കടപ്പാട് റിപ്പോർട്ടർ ടിവി

Post a Comment

أحدث أقدم