കോവളം: വിഷം ഉള്ളില്‍ച്ചെന്ന് അച്ഛനും മകളും മരിച്ചനിലയില്‍. ഗുരുതരാവസ്ഥയിലായിരുന്ന അമ്മയെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൃഹനാഥന്‍ മറ്റുള്ളവര്‍ക്ക് അവരറിയാതെ ഗുളികയിലൂടെ വിഷം നല്‍കിയതാണെന്ന് പോലീസ് കരുതുന്നു.

വെങ്ങാനൂര്‍ പുല്ലാനിമുക്ക് സത്യന്‍ മെമ്മോറിയല്‍ റോഡ് ശിവബിന്ദുവില്‍ ശിവരാജന്‍(56), മകള്‍ അഭിരാമി(22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു(50), മകന്‍ അര്‍ജുന്‍(19) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


കടബാധ്യതയാണ് ശിവരാജനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് പോലീസ് . വിഴിഞ്ഞം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ താത്കാലിക ജീവനക്കാരിയാണ് ബിന്ദു. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയില്‍ ബി കോംപ്ലക്‌സ് എന്ന പേരില്‍ ശിവരാജന്‍ എല്ലാവര്‍ക്കും ഗുളിക നല്‍കുമായിരുന്നു. വ്യാഴാഴ്ച രാത്രി ഇങ്ങനെ നല്‍കിയ ഗുളികയില്‍ സയനൈഡ് കലര്‍ത്തിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പുലര്‍ച്ചെ മൂന്നോടെ ഛര്‍ദിച്ചവശനായ മകന്‍ അര്‍ജുന്‍, അച്ഛന്റെയും അമ്മയുടെയും മുറിയിലെത്തി അവരെ വിളിച്ചിരുന്നു. പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് കല്ലുവെട്ടാന്‍കുഴിയില്‍ താമസിക്കുന്ന ഇളയച്ഛന്‍ സതീഷിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. സതീഷെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സിലെ നഴ്സ് പരിശോധിച്ചപ്പോള്‍ത്തന്നെ ശിവരാജന്റെയും അഭിരാമിയുടെയും മരണം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വിഴിഞ്ഞം പോലീസില്‍ വിവരം നല്‍കി. അവശനിലയിലായ ബിന്ദുവിനും മകന്‍ അര്‍ജുനും ആംബുലന്‍സ് ജീവനക്കാര്‍ അടിയന്തരചികിത്സ നല്‍കി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. 
അര്‍ജുന്റെ നില ഉച്ചയോടെ മെച്ചപ്പെട്ടു. ബിന്ദു അപകടനില തരണംചെയ്തിട്ടില്ല.

Post a Comment

Previous Post Next Post