കൊടുവള്ളി:
 കളത്തിങ്ങൽ സുബൈർ –ഫാത്തിമ ദമ്പതികൾ പറമ്പത്ത്കാവ് സാമൂഹിക ആരോഗ്യ ഉപ കേന്ദ്രത്തിന് കെട്ടിടം നിർമിക്കുന്നതിന് സൗജന്യമായി നൽകിയ ഭൂമിയുടെ രേഖ നഗരസഭാധ്യക്ഷൻ വെള്ളറ അബ്ദുവിന് കൈമാറി. പറമ്പത്ത് കാവ് ഡിവിഷന് അനുവദിക്കപ്പെട്ട ആരോഗ്യ ഉപ കേന്ദ്രത്തിനുള്ള കെട്ടിടം നിർമിക്കാനായി ഡിവിഷൻ കൗൺസിലർ ഹസീന എളങ്ങോട്ടിലിന്റെ ഇടപെടലിനെത്തുടർന്ന് 8 സെന്റാണു ഭൂവുടമകൾ സൗജന്യമായി കൈമാറിയത്.

പദ്ധതിക്കാവശ്യമായ ഫണ്ട് ലഭ്യമാക്കി കെട്ടിടം നിർമാണം പൂർത്തിയാക്കുന്നതോടെ ആരോഗ്യ ഉപകേന്ദ്രം യാഥാർഥ്യമാകും. ചടങ്ങ്  നഗരസഭാധ്യക്ഷൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. പറമ്പത്ത് കാവ് കൗൺസിലർ എളങ്ങോട്ടിൽ ഹസീന അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷ കെ.എം.സുഷിനി കളത്തിങ്ങൽ ഫാത്തിമയെ പൊന്നാട അണിയിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി.സിയാലി ഹാജി, പി.കെ.സുബൈർ, റംല ഇസ്മായിൽ, എൻ.കെ.അനിൽ കുമാർ, കൗൺസിലർമാരായ ശരീഫ കണ്ണാടിപോയിൽ, ടി.മൊയ്തീൻ കോയ, കെ.ശിവദാസൻ, ഷഹർബാൻ അസൈനാർ, നഗരസഭ സെക്രട്ടറി ഷാജു പോൾ, മെഡിക്കൽ ഓഫീസർ റിൻസി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
 

Post a Comment

Previous Post Next Post