കാസർഗോഡ് :
ആറാം ക്ലാസുകാരി ആയിഷത്ത് മിൻഹയുടെ മരണം അധികൃതരുടെ അനാസ്ഥ കാരണമെന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ്. സ്കൂൾ തുറക്കുന്നതിന് മുൻപ് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിരുന്നു.


മരം മുറിക്കാൻ ഒരുപാട് നൂലാമാലകൾ ഉള്ളത് കാരണമാണ് ഈ അവസ്ഥ ഉണ്ടായത്.
ജാഗ്രത പുലർത്തിയെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നും എ കെ എം അഷറഫ് പറഞ്ഞു.

 മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി നൽകുന്നതിന് കാലതാമസം ഉണ്ടാവരുതെന്നും ആയിഷത്ത് മിൻഹയുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്നും എ കെ എം അഷറഫ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് അംഗടിമുഗർ‌ സ്വദേശികളായ യൂസുഫ്, ഫാത്തിമ ദമ്പതികളുടെ മകൾ ആയിഷത്ത് മിൻഹ(11) മരം ദേഹത്ത് വീണ് മരിച്ചത്. വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കുട്ടിയുടെ ദേഹത്തേക്ക് സ്കൂളിന് മുമ്പിലുണ്ടായിരുന്ന വലിയ മരം കടപുഴകി വീഴുകയായിരുന്നു. ഉടൻ തന്നെ മിൻഹയെ കുമ്പളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകട സമയത്ത് മിൻഹയ്ക്കൊപ്പമുണ്ടായിരുന്ന മറ്റ് കുട്ടികൾ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അംഗടിമുഗർ സർക്കാർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു ആയിഷത്ത് മിൻഹ. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ കളക്ടർ, ഡിഡിഇ, സ്കൂൾ ഹെഡ്മാസ്റ്റർ എന്നിവരോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Post a Comment

أحدث أقدم