ഓമശ്ശേരി:മഴ ശക്തി പ്രാപിച്ചതോടെ ദുരന്ത നിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് രൂപം നൽകി ഓമശ്ശേരി പഞ്ചായത്ത്.കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന പ്രത്യേക യോഗത്തിൽ ജനപ്രതിനിധികൾ,പഞ്ചായത്ത് പരിധിയിലെ അഞ്ച് വില്ലേജ് ഓഫീസർമാർ,മെഡിക്കൽ ഓഫീസർമാർ,നിർവ്വഹണ ഉദ്യോഗസ്ഥർ,സന്നദ്ധ സംഘടന ഭാരവാഹികൾ,ആരോഗ്യ പ്രവർത്തകർ,ആശാ വർക്കർമാർ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ദുരന്ത സാദ്ധ്യതകൾ വിശദമായി ചർച്ച ചെയ്ത യോഗം വിവിധങ്ങളായ പദ്ധതികളാണാവിഷ്കരിച്ചത്.വെള്ളപ്പൊക്കം,മണ്ണിടിച്ചിൽ,ഉരുൾ പൊട്ടൽ സാദ്ധ്യതകൾ യോഗം വിലയിരുത്തി.അവശ്യ ഘട്ടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളുൾപ്പടെയുള്ളവ സംവിധാനിക്കുന്നതിനും യോഗം തീരുമാനമെടുത്തു.അടിയന്തിര ഘട്ടങ്ങളിൽ കർമ്മസജ്ജമാവാനും സന്നദ്ധ സംഘടനകളുടെ സേവനം പരമാവധി ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചു.പഞ്ചായത്ത് പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ,പഞ്ചായത്ത് സെക്രട്ടറി എന്നിവരുൾപ്പെടുന്ന സ്റ്റയറിംഗ് കമ്മിറ്റി പഞ്ചായത്ത്‌തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡിലെ പ്രവർത്തനങ്ങൾ സജ്ജീകരിക്കും.വൈറ്റ് ഗാർഡ്,കർമ്മ,രാജീവ് ഗാന്ധി ഫൗണ്ടേഷൻ,യൂത്ത് ബ്രിഗേഡ്,വിഖായ,സാന്ത്വനം,പാസ്കോ ഡിസാസ്റ്റർ ടീം പെരിവില്ലി,നാഷണൽ പുത്തൂർ,സമീക്ഷ ഓമശ്ശേരി,കാസിനോ തുടങ്ങി പഞ്ചായത്തിലെ നിരവധി സന്നദ്ധ സംഘടനകൾ സേവനവും ഉപകരണങ്ങളും ഉറപ്പ് നൽകി.
മഴക്കാല രോഗങ്ങൾ വ്യാപിക്കാതിരിക്കുന്നതിനുള്ള കർമ്മപരിപാടികൾക്കും യോഗം രൂപം നൽകി.പഞ്ചായത്തിൽ നിലവിൽ ഏഴ് ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.വാർഡ് മൂന്നിൽ രണ്ടും പതിനൊന്നിൽ ഒന്നും പന്ത്രണ്ടിൽ ഒന്നും പതിനാറിൽ രണ്ടും പതിനെട്ടിൽ ഒന്നും കേസുകളാണ് സ്ഥിരീകരിച്ചത്.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത അനിവാര്യമാണെന്നും പനി ഉൾപ്പടെയുള്ള രോഗങ്ങൾക്ക് പൊതു ജനങ്ങൾ സ്വയം ചികിൽസ പൂർണ്ണമായും ഒഴിവാക്കണമെന്നും യോഗം നിർദേശിച്ചു.
യോഗത്തിൽ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു ഉൽഘാടനം ചെയ്തു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,എം.എം.രാധാമണി ടീച്ചർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,പി.ഇബ്രാഹീം ഹാജി,എം.ഷീല എന്നിവർ പ്രസംഗിച്ചു.
വിവിധ വില്ലേജ് ഓഫീസർമാരായ എൻ.സുജിത്ത്(പുത്തൂർ),രജേഷ്കുമാർ(ചാത്തമംഗലം),കെ.രജു(കൂടത്തായി),പ്രശാന്ത്(രാരോത്ത്),രാജൻ(സ്പെഷ്യൽ വില്ലേജ് ഓഫീസർ-നീലേശ്വരം),ആയുഷ് മെഡിക്കൽ ഓഫീസർമാരായ ഡോ:ടി.റോനിഷ,ഡോ:വി.പി.ഗീത,ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എം.ഉണ്ണികൃഷ്ണൻ,കൃഷി ഓഫീസർ പി.പി.രാജി,ഐ.സി.ഡി.എസ്.സൂപ്പർവൈസർ വി.എം.രമാദേവി,സി.സി.ശറഫുദ്ദീൻ(കർമ്മ) എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.ക്ലാർക്ക് കെ.പി.ഹസ്ന മുഹമ്മദ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.പഞ്ചായത്ത് സെക്രട്ടറി ദീപുരാജു നന്ദി പറഞ്ഞു.
ഫോട്ടൊ:ഓമശ്ശേരി പഞ്ചായത്തിലെ ദുരന്തനിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിന് ചേർന്ന പ്രത്യേക യോഗം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു ഉൽഘാടനം ചെയ്യുന്നു.
Post a Comment