തൃശൂർ: ഗർഭിണിയായ നഴ്സിനെയടക്കം ഡോക്ടർ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് തൃശൂർ ജില്ലയിൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കും.
 നൈൽ ആശുപത്രിയിലെ നാലു നഴ്സുമാരെ ആശുപത്രി ഉടമയും ഡോക്ടറുമായ അലോക് മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഡോ. അലോഗിനെ അറസ്റ്റ് ചെയ്യും വരെ സമരമെന്ന് യുഎൻഎ വ്യക്തമാക്കി.

നഴ്സുമാരും എംഡിയും തമ്മിൽ നടന്ന ചർച്ചയ്ക്കിടെ ആശുപത്രി എംഡിയായ ഡോക്ടർ അലോക് കുമാർ ഏഴുമാസം ഗർഭിണിയായ നഴ്സിനെ ചവിട്ടിയെന്ന് നഴ്സുമാർ ആരോപിച്ചിരുന്നു. സ്റ്റാഫ് നഴ്‌സായ ലക്ഷ്മിക്കാണ് ഡോക്ടറുടെ ചവിട്ടേറ്റത്. തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് യുഎൻഎ യൂണിയനിൽപ്പെട്ട ആറ് നഴ്സുമാരെ കാരണങ്ങളില്ലാതെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നഴ്സുമാരും എംഡിയും തമ്മിൽ ചർച്ച നടന്നത്. ചവിട്ടേറ്റതിനെ തുടർന്ന് ഗർഭിണിയായ ലക്ഷ്മി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

യുഎന്‍എയില്‍ അംഗമായതിന് ശേഷമാണ് പ്രശ്‌നങ്ങളുണ്ടായതെന്ന് ലക്ഷ്മി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. പിഎഫ്, ഇഎസ്‌ഐ എന്നിവയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചു. ഇത് സംബന്ധിച്ച് സംഘടനയുടെ സഹായത്തോടെ പരാതിയും നല്‍കി. കുറച്ച് നഴ്‌സുമാരെ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു.

പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി ലേബർ ഓഫീസിൽ ചർച്ചക്ക് വിളിച്ചിരുന്നു. നിയമപ്രകാരം പിരിച്ചുവിടാനുളള അധികാരം ഡോക്ടര്‍ക്കില്ലെന്ന് ലേബര്‍ ഓഫീസര്‍ പറഞ്ഞതോടെ ഇയാള്‍ പ്രകോപിതനായി. തന്റെ ആശുപത്രിയിലെ കാര്യങ്ങള്‍ താനാണ് തീരുമാനിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. പിന്നീട് തന്റെ നേരെ വന്ന് മർദ്ദിച്ചുവെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. ഡോക്ടർ കൈമുട്ട് കൊണ്ട് ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. അസഭ്യ വാക്കുകളും പറഞ്ഞു. വേദന വന്നതോടെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മറ്റ് സ്റ്റാഫുകളും ലേബര്‍ ഓഫീസറും സംഭവസ്ഥലത്തുണ്ടായിരുന്നു. കൂടെ ഉണ്ടായിരുന്ന എട്ട് ആളുകളേയും ഉപദ്രവിച്ച് അയാള്‍ ഓടി രക്ഷപ്പെടുകയാണ് ഉണ്ടായതെന്നും ലക്ഷ്മി വ്യക്തമാക്കി.

 

Post a Comment

Previous Post Next Post