ജിദ്ദ: ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ടെന്ന് പ്രമുഖ പ്രഭാഷകൻ ശിഹാബ് സലഫി ചൂണ്ടിക്കാട്ടി.
 ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ഏക സിവിൽ കോഡും ബഹുസ്വരതയും എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇന്ത്യയിലെ പ്രധാന ജാതി,മത,വർഗ,വർണ വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം ബാധകമാകുന്ന രീതിയിൽ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ  ഒരു പൊതു വ്യക്തി നിയമസംഹിത വേണമെന്ന ആശയമാണ് ഏക സിവിൽകോഡിലൂടെ നടപ്പാക്കാനിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയിലെ മാർഗനിർദ്ദേശക തത്വങ്ങളിലെ 44 വകുപ്പ് അനുസരിച്ച് ഇന്ത്യയിൽ ഏക സിവിൽ നിയമം കൊണ്ടുവരാനായി ഭരണകൂടം പരിശ്രമിക്കേണ്ടതാണ് എന്ന്  നിലവിലുള്ള ഫാസിസ്റ്റ് ഭരണകൂടം കരുതുന്നു. 

ഭാരത ജനതയുടെ ഭൂരിപക്ഷത്തിന്റെയും അനുവാദമില്ലാതെ അടിച്ചേൽപ്പിക്കപ്പെടുന്ന ഈ നിയമം ഇന്ത്യയുടെ ബഹുസ്വരതയെയും രാജ്യത്തിന്റെ അഖണ്ഡതയെയും തകർക്കുന്നതാണ്. സുസ്ഥിരഭരണം നടത്തിയിരുന്ന ലോകരാജ്യങ്ങളിലേറെയും ബഹുസ്വരത ഉൾക്കൊള്ളുന്ന ജനാധിപത്യത്തിലേക്ക് തിരിച്ചു പോകുമ്പോൾ ബഹുസ്വരതയെ ഇല്ലാതാക്കുന്ന നിയമം കൊണ്ടുവരുന്നത് ജനാധിപത്യ ഇന്ത്യയെ
പുരോഗതിയിൽ നിന്ന് പിറകോട്ട് വലിക്കലാകും, അത് രാജ്യത്തിന്റെ പരമമായ നാശത്തിന് കാരണമാകും- അദ്ദേഹം പറഞ്ഞു. 
വ്യക്തിനിയമങ്ങൾ ഓരോ മതസ്ഥർക്കും വ്യത്യസ്തമാണ്.വിവാഹം,വിവാഹമോചനം,വിൽ പത്രം,ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങൾ ഓരോ മതസ്ഥർക്കും വ്യത്യസ്തമാണ്. ഇത്തരം വ്യത്യാസങ്ങളും വിവേചനപരമായ വകുപ്പുകളും ഇല്ലാതാക്കിക്കൊണ്ട് രാജ്യത്തെ എല്ലാ പൗരന്മാർക്കും പൊതുവായ ഒരു വ്യക്തിനിയമം എന്നത് അപ്രായോഗികമാണ്. എന്നാൽ ഇത് ന്യൂനപക്ഷങ്ങളെക്കാൾ കൂടുതൽ ബാധിക്കുന്നത് ഭൂരിപക്ഷത്തെയാണ്.ഭരണഘടനയുടെ അനുച്ഛേദത്തിൽ മാർഗനിർദ്ദേശ തത്വങ്ങളെ കുറിച്ച് പറയുന്നുണ്ട്. എന്നാൽ ഈ നിർദ്ദേശക തത്വങ്ങൾ നടപ്പിലാക്കണമെന്ന് ഏതെങ്കിലും കോടതിക്ക് നിർബന്ധിക്കാൻ ആവില്ലെന്ന് മുപ്പത്തി ഏഴാം അനുഛേദവും  വ്യക്തമാക്കുന്ന 
ഏക സിവിൽ കോഡ്  നടപ്പിലാക്കാൻ ഭരണകൂടം ശ്രമിക്കുമ്പോഴും അതിനെ നിർബന്ധരൂപത്തിൽ അടിച്ചേൽപ്പിക്കരുതെന്ന സൂചനയാണ് ഭരണഘടന നൽകുന്നത്.

ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതിനു മുമ്പ് തന്നെ മുസ്‌ലിംകൾക്ക് വ്യക്തിഗത നിയമം ഉണ്ടായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് പത്തുവർഷം മുമ്പ് തന്നെ 1937ൽ ഇന്ത്യൻ ശരീഅത്ത് അപ്ലിക്കേഷൻ ആക്ട് ഭരണഘടനയിൽ ചേർത്തിയിരുന്നു. അന്ന് മുതൽ ഇന്ത്യൻ സിവിൽ നിയമങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള കേസുകൾ ഉണ്ടായാൽ ശരീഅത്ത് അപ്ലിക്കേഷൻ ആക്ട് പ്രകാരം തീർപ്പ് കൽപ്പിക്കാം എന്ന നിയമം  പ്രാബല്യത്തിൽ വന്നു. അതുപോലെ തന്നെ ക്രിസ്തുമതക്കാർക്കും പാഴ്‌സികൾക്കും പ്രത്യേകം വ്യക്തിഗത നിയമങ്ങൾ ഉണ്ടായിരുന്നു.
നാലാം ഭരണഘടന ഭേദഗതി പാർലമെന്റിൽ ജവഹർലാൽ നെഹ്‌റു അവതരിപ്പിച്ച കാര്യം, വ്യക്തികളുടെ മൗലികാവകാശങ്ങളും ഭരണഘടനയിൽ പരാമർശിച്ച മാർഗ നിർദ്ദേശക തത്വങ്ങൾ  ഇവ രണ്ടിലും അഭിപ്രായ വ്യത്യാസം വന്നാൽ  മൗലികാവകാശങ്ങളാണ് നടപ്പിൽ വരുത്തേണ്ടത് എന്നത് പ്രത്യേകം പരാമർശിച്ച കാര്യമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പ്രവാചകന്റെ കാലത്ത് മുസ്‌ലിം സമൂഹം ഭീഷണികളെ നേരിട്ടിട്ടുണ്ട്. അന്നത്തെ ഇസ്‌ലാമിന്റെ ശത്രുക്കൾ അവരോട് പറഞ്ഞത് ഇവിടെ നിന്നും നിങ്ങൾ പുറത്തു പോകണം, അതല്ലെങ്കിൽ ഞങ്ങളുടെ ആശയവുമായി ഒന്നിച്ചു ചേരണം എന്നായിരുന്നു. വളരെ സമചിത്തതയോടുകൂടിയായിരുന്നു പ്രവാചകനും അനുചരന്മാരും അതിനെ നേരിട്ടത്. അതുകൊണ്ടുതന്നെ ശരീഅത്ത് നിയമങ്ങൾ മുറുകെപ്പിടിച്ചു കൊണ്ടും ഭരണഘടന അനുശാസിക്കുന്ന രൂപത്തിലുള്ള പ്രതിഷേധ പ്രവർത്തനങ്ങളുമായും മുന്നോട്ടു പോകേണ്ടതുണ്ട്. സമാധാനപരമായ രൂപത്തിൽ പ്രബോധന പ്രവർത്തനങ്ങളിലേർപ്പെട്ടു കൊണ്ടും സ്രഷ്ടാവിനോട് നിരന്തരം പ്രാർത്ഥിച്ചും ക്ഷമയോടെയും മുന്നോട്ടു പോയാൽ വിജയം നീതിയുടെ കൂടെ തന്നെയായിരിക്കും- ശിഹാബ് സലഫി വ്യക്തമാക്കി. അബ്ബാസ് ചെമ്പൻ സ്വാഗതമാശംസിച്ചു.നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post