തിരുവമ്പാടി :
രണ്ട് വർഷക്കാലം കൊണ്ട് കോഴിക്കോട് ജില്ലയിൽ മാത്രമായി 12716 കുടുംബങ്ങളാണ് ഭൂമിയുടെ അവകാശികളായി മാറിയതെന്ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കൊടക്കാട്ടുപാറ വാര്‍ഡിലെ മേലെപൊന്നാങ്കയം, ആനക്കാംപൊയില്‍ വാര്‍ഡിലെ ഓടപ്പൊയില്‍ എന്നിവിടങ്ങളിലെ പട്ടികവര്‍ഗ്ഗ കോളനികളിലെ 60 കുടുംബങ്ങള്‍ക്കുള്ള പട്ടയവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പട്ടയം അതിവേഗം നൽകുക എന്നത് ഗവൺമെന്റിന്റെ ലക്ഷ്യമാണ്. ഈ ഗവൺമന്റിന്റെ കാലത്ത് 1,23,000 പട്ടയങ്ങൾ കേവലം രണ്ട് വർഷകാലം കൊണ്ട് വിതരണം ചെയ്യാനായതായും മന്ത്രി പറഞ്ഞു.
ഡിജിറ്റൽ റീസർവയുടെ ഭാഗമായി എല്ലാവരുടെയും ഭൂമിക്ക് ചുറ്റും ഡിജിറ്റൽ വേലി സാധ്യമാക്കുന്നു. റവന്യൂ, രജിസ്ട്രേഷൻ, സർവ്വേ വകുപ്പുകളുടെ പോർട്ടലുകൾ സംയോജിപ്പിച്ചുകൊണ്ട് 'എന്റെ ഭൂമി' എന്ന ഇന്റഗ്രേറ്റഡ് പോർട്ടൽ നവംബർ മാസത്തിൽ മുഖ്യമന്ത്രി നാടിനു സമർപ്പിക്കും. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യത്തെ 15 വില്ലേജുകളിൽ ഇന്റഗ്രേറ്റഡ് പോർട്ടൽ നിലവിൽ വരും. ഇതിന്റെ ഭാഗമായി ഭൂമിയുടെ പോക്കുവരവ് വേഗത്തിലാക്കി ഭൂമിയുടെ ഉടമസ്ഥരായി ആളുകളെ മാറ്റാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന തലത്തിൽ നിരീക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. പട്ടയങ്ങളിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടും. 'ഒരു ദിവസം ഒരു ജില്ല' എന്ന അടിസ്ഥാനത്തിൽ നവംബർ എട്ടിന് കോഴിക്കോട് ജില്ലയിലെ റവന്യൂ ഡാഷ്ബോർഡിൽ ഉൾപ്പെട്ടിട്ടുള്ള വിഷയങ്ങളുടെ അദാലത്ത് ഓൺലൈൻ നടത്താൻ തീരുമാനിച്ചതായി മന്ത്രി കൂട്ടി ചേർത്തു.
പുല്ലൂരാംപാറ സിജെഎം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. 60 പട്ടികവർഗ കുടുംബങ്ങളാണ് ഭൂമിയുടെ അവകാശികളായത്. 'എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനവും സ്മാർട്ട്' എന്ന ലക്ഷ്യം മുൻനിർത്തിയുള്ള സംസ്ഥാന സർക്കാരിന്റ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പട്ടയവിതരണം.
ചടങ്ങില്‍ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്‌മാന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ ഡി ആന്റണി, രാജു അമ്പലത്തിങ്കല്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അയ്യപ്പന്‍ ബി സി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സ്വാഗതവും സബ് കലക്ടര്‍ വി ചെല്‍സാസിനി നന്ദിയും പറഞ്ഞു.
Post a Comment